ന്യൂഡൽഹി: 2024 -25 വർഷത്തെ കേന്ദ്ര ബജറ്റിനെ പ്രശംസിച്ച് കേന്ദ്രമന്ത്രിയും ബിജെപി ദേശീയ അദ്ധ്യക്ഷനുമായ ജെപി നദ്ദ. എല്ലാവരുടെയും വളർച്ച ഉൾകൊള്ളുന്ന സമഗ്രമായ ബജറ്റാണ് അവതരിപ്പിക്കപ്പെട്ടത്. രാജ്യത്തിന്റെ സുസ്ഥിര വികസനത്തിനും സാമ്പത്തിക അഭിവൃദ്ധിക്കും വേണ്ടിയുള്ള സർക്കാരിന്റെ പ്രതിബദ്ധതയുടെ തെളിവാണ് ബജറ്റെന്ന് ജെപി നദ്ദ പറഞ്ഞു
സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുന്നതിനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും പൗരന്മാരുടെ ജീവിത നിലവാരം ഉയർത്തുന്നതിനും ബജറ്റിലെ പ്രഖ്യാപനങ്ങൾ പര്യാപ്തമാണ്. ബജറ്റ് അവതരണം പൂർത്തിയായ ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ബജറ്റിലെ പ്രഖ്യാപനങ്ങൾ രാജ്യത്തിന്റെ അടിയന്തര ആവശ്യങ്ങൾ അഭിസംബോധന ചെയ്യുക മാത്രമല്ല അത് പരിഹരിക്കുകയും ചെയ്യുന്നു. ദീർഘകാല അടിസ്ഥാനത്തിലുള്ള അഭിവൃദ്ധി, അടിസ്ഥാന സൗകര്യ വികസനം, സാങ്കേതിക നവീകരണം, സാമൂഹിക ക്ഷേമം എന്നിവയ്‌ക്ക് ബജറ്റിൽ മുൻതൂക്കം നൽകിയിട്ടുണ്ട്. ഇത് കൂടുതൽ സമ്പന്നവും സമത്വ പൂർണവുമായ ഇന്ത്യയ്‌ക്ക് വഴിയൊരുക്കുമെന്ന് നദ്ദ പറഞ്ഞു.
ഇന്ത്യയുടെ അഭിലാഷങ്ങൾ സാക്ഷാത്കരിക്കാനുള്ള സുപ്രധാന ചുവടുവയ്‌പ്പാണിതെന്ന് അദ്ദേഹം ബജറ്റിനെ വിലയിരുത്തി. സമഗ്രവും കേന്ദ്രീകൃതവുമായ ബജറ്റ് രാജ്യത്തിന് നൽകിയതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ധനമന്ത്രി നിർമ്മല സീതാരാമനെയും നദ്ദ അഭിനന്ദിച്ചു.















