തിരുവനന്തപുരം: ഹോട്ടലിന് നേരെ ഗുണ്ടാ സംഘങ്ങളുടെ ആക്രമണം. വഴുതക്കാട് പ്രവർത്തിക്കുന്ന ‘കുട്ടനാടൻ പുഞ്ച’യെന്ന ഹോട്ടലിന് നേരെയായിരുന്നു ആക്രമണം.
ഇവിടെ നേരത്തെ ഹോട്ടൽ നടത്തിയിരുന്ന നിധിൻ എന്നയാളുടെ നേതൃത്വത്തിലാണ് ആക്രമണമുണ്ടായതെന്ന് നിലവിലെ ഹോട്ടലുടമ ആരോപിച്ചു. സംഭവത്തിൽ കെട്ടിട ഉടമയുടെയും ഹോട്ടലുകാരുടെയും പരാതിയിന്മേൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് നിധിനെയും മറ്റ് രണ്ട് പേരെയും അറസ്റ്റ് ചെയ്തു.
കുട്ടനാടൻ പുഞ്ച തുടങ്ങുന്നതിന് മുൻപ് നിധിന്റെ നേതൃത്വത്തിലുള്ള ഹോട്ടലായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. സംരംഭം നഷ്ടത്തിലാവുകയും കെട്ടിട വാടക കുടിശ്ശികയാവുകയും ചെയ്തതോടെ ഹോട്ടലിന്റെ പ്രവർത്തനം നിലച്ചു. ഇതിന് പിന്നാലെയാണ് കുട്ടനാടൻ പുഞ്ചയെന്ന ഹോട്ടലുകാർ ഇവിടെ പ്രവർത്തനമാരംഭിച്ചത്.
കുട്ടനാടൻ പുഞ്ച അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ടാണ് മുൻ ഹോട്ടലുകാരെത്തി അതിക്രമം നടത്തിയത്. കൗണ്ടറിലുണ്ടായിരുന്ന പണവും ഹോട്ടലിന്റെ ബോർഡും അക്രമികൾ കൊണ്ടുപോയിരുന്നു. സിസിടിവിയുടെ ഹാർഡ് ഡിസ്ക്കും സംഘം എടുത്തുമാറ്റി. തുടർന്നാണ് കെട്ടിട ഉടമയും ഹോട്ടലുകാരും പൊലീസിനെ സമീപിച്ചത്.