തിരുവനന്തപുരം: ബിഎംഎസ് സ്ഥാപക ദിനം ആഘോഷിച്ച് ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ്സ് & ടെക്നോളജി എംപ്ലോയീസ് സംഘ്. രാജ്യ കർമ്മചാരി മഹാസംഘ് ദേശീയ ഉപാദ്ധ്യക്ഷൻ പി.സുനിൽകുമാർ ചടങ്ങ് ഉദ്ഘാനം ചെയ്തു.
കടമകൾക്കൊപ്പം അവകാശം എന്നുള്ള ലക്ഷ്യപ്രാപ്തിക്കായി ദേശീയ ബോധമുള്ള തൊഴിലാളികളെ വളർത്തിയെടുക്കുന്നതിനുള്ള യജ്ഞമാണ് ബിഎംഎസെന്ന് പരിപാടിയിൽ പി സുനിൽ കുമാർ പറഞ്ഞു. രാഷ്ട്രീയാതീതമായ സംഘടന എന്ന നിലയിൽ കഴിഞ്ഞ 70 വർഷമായി പ്രവർത്തിക്കുന്ന സംഘടനയാണ് ബിഎംഎസ്. ഭാരതീയ മസ്ദൂർ സംഘിന്റെ പ്രവർത്തനങ്ങൾ കൂടുതൽ മേഖലകളിൽ വ്യാപിപ്പിക്കുന്നതിനുള്ള കാര്യങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും പി സുനിൽകുമാർ ചടങ്ങിൽ വ്യക്തമാക്കി.
ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ടിൽ കാലങ്ങളായി നിഷേധിക്കപ്പെട്ടിരുന്ന എൻ.പി.എസ്സിൽ ഉൾപ്പെട്ട ജീവനക്കാരുടെ ഗ്രാറ്റ്യൂവിറ്റി ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ എംപ്ലോയീസ് സംഘിന്റെ ശ്രമഫലമായി ഇപ്പോൾ അനുവദിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തൊഴിലാളി മേഖലയിൽ സംഘടിത- അസംഘടിത വ്യത്യാസമില്ലാതെ മുഴുവൻസമയ തൊഴിലാളികളുടെയും ആശ്രയമായി ബി എം എസ് ഇന്ന് മാറിക്കഴിഞ്ഞിട്ടുണ്ട്. ദേശീയ തലത്തിൽ ബി എം എസിന് ഉണ്ടായിട്ടുള്ള വളർച്ചയും അംഗീകാരവും സമീപഭാവിയിൽത്തന്നെ കേരളത്തിലും ലക്ഷ്യമാകുമെന്നുള്ള കാര്യത്തിൽ സംശയമില്ലെന്നും സുനിൽകുമാർ കൂട്ടിച്ചേർത്തു.
ചടങ്ങിൽ എംപ്ലോയീസ് സംഘ് പ്രസിഡൻറ് അഭിലാഷ് എസ്.ജി അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ജനറൽ സെക്രട്ടറി രഞ്ജിത്ത് കുമാർ. വി, മുൻ പ്രസിഡന്റ് പി.ടി മധുസൂദനൻ, തുടങ്ങിയവർ സംസാരിച്ചു.