ന്യൂഡൽഹി: നാല് രാഷ്‌ട്രങ്ങൾ പങ്കെടുക്കുന്ന ക്വാഡ് വിദേശകാര്യ മന്ത്രിതല യോഗത്തിൽ പങ്കെടുക്കാനായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ടോക്കിയോയിലേക്ക് പുറപ്പെടും. ജൂലൈ 28 മുതൽ മൂന്ന് ദിവസത്തെക്കായിരിക്കും സന്ദർശനം. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് ഈ വിവരം സ്‌ഥിരീകരിച്ചത് .
ജൂലൈ 29 ന് നടക്കുന്ന ക്വാഡ് മീറ്റിംഗിൽ എസ് ജയശങ്കറിന് പുറമെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കൺ, ജപ്പാൻ വിദേശകാര്യ മന്ത്രി യോക്കോ കാമികാവ, ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി പെന്നി വോംഗ് എന്നിവരും പങ്കെടുക്കും. ജപ്പാൻ വിദേശകാര്യ മന്ത്രി യോക്കോ കാമികാവയുടെ ക്ഷണപ്രകാരം ക്വാഡ് വിദേശകാര്യ മന്ത്രിതല യോഗത്തിൽ പങ്കെടുക്കാനായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ജൂലൈ 28 മുതൽ 30 വരെ ജപ്പാനിലേക്ക് ഔദ്യോഗിക സന്ദർശനം നടത്തുമെന്ന് വിദേശകാര്യമന്ത്രാലയം (MEA) അറിയിച്ചു.
2023 സെപ്റ്റംബറിൽ ന്യൂയോർക്കിൽ നടന്ന ഒടുവിലത്തെ ക്വാഡ് മീറ്റിൽ വിദേശകാര്യ മന്ത്രിമാർ നടത്തിയ ചർച്ചകളുടെ തുടർച്ചയാകും പുതിയ യോഗം. ഇന്തോ-പസഫിക് മേഖലയിലെ പുരോഗതിയെക്കുറിച്ച് കാഴ്ചപ്പാടുകൾ പങ്കുവയ്‌ക്കുകയും ക്വാഡ് സംരംഭങ്ങളുടെയും വർക്കിംഗ് ഗ്രൂപ്പുകളുടെയും വികാസം അവലോകനം നടത്തുകയും ചെയ്യുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.