ന്യൂഡൽഹി: 2024-25 ലെ കേന്ദ്ര ബജറ്റിൽ റെയിൽവേക്ക് 2.62 ലക്ഷം കോടി രൂപയുടെ റെക്കോർഡ് വിഹിതം അനുവദിച്ചെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. ഇതിൽ 1.08 ലക്ഷം കോടി സുരക്ഷാ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്ന പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
“റെയിൽവേക്ക് റെക്കോർഡ് വിഹിതമാണ് ബജറ്റിൽ അനുവദിച്ചിരിക്കുന്നത്. മൊത്തം വിഹിതത്തിൽ നിന്നും 1.08 ലക്ഷം കോടി പഴയ ട്രാക്കുകൾ മാറ്റിസ്ഥാപിക്കൽ, സിഗ്നലിംഗ് സംവിധാനം മെച്ചപ്പെടുത്തൽ, കവച് സംവിധാനം സ്ഥാപിക്കൽ, മേൽപ്പാലങ്ങളുടെയും അണ്ടർപാസുകളുടെയും നിർമ്മാണം തുടങ്ങിയ സുരക്ഷാ അനുബന്ധ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കും,” കേന്ദ്രമന്ത്രി വിശദമാക്കി.
ഹാർഡ്‌വെയർ, സോഫ്‌റ്റ്‌വെയർ, ഒപ്റ്റിക്കൽ ഫൈബർ, ടെലികോം ടവർ, ഓൺ ട്രാക്ക് സിസ്റ്റം, ഡാറ്റാ സെൻ്റർ അഡ്മിനിസ്‌ട്രേഷൻ എന്നിവ സംയോജിപ്പിച്ചുകൊണ്ടുള്ള ‘കവച് 4.0’ സുരക്ഷാ സംവിധാനത്തിന് ഇന്ത്യൻ റെയിൽവേക്ക് അനുമതി ലഭിച്ചിട്ടുണ്ട്. ഇത് എത്രയും പെട്ടന്ന് നടപ്പിലാക്കുമെന്നും അശ്വിനി വൈഷ്ണവ് കൂട്ടിച്ചേർത്തു.
ജനറൽ കമ്പാർട്ട്മെന്റുകളിൽ യാത്ര ചെയ്യാൻ ആവശ്യക്കാർ എറിയതായും ഈ ആവശ്യം പരിഗണിച്ച് റെയിൽവേ നിലവിലെ 2,500 ജനറൽ കോച്ചുകൾക്ക് പുറമെ 10,000 ജനറൽ കോച്ചുകൾ കൂടി നിർമ്മിക്കാൻ തീരുമാനിച്ചതായി അദ്ദേഹം അറിയിച്ചു. ഈ ആവശ്യങ്ങൾ നടപ്പിലാക്കാൻ ബജറ്റ് വഹിതം സഹായകമാകുമെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. കഴിഞ്ഞ പത്ത് വർഷത്തിനിടെ അഞ്ച് ലക്ഷം പേർക്ക് റെയിൽവേ തൊഴിൽ നൽകിയെന്നും യുപിഎ സർക്കാരിന്റെ കാലത്ത് നൽകിയ 4.11 ലക്ഷം തൊഴിലുകളേക്കാൾ 20 ശതമാനം കൂടുതലാണിതെന്നും മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.















