വാഷിംഗ്‌ടൺ: റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിന് നേരെ നടന്ന വധശ്രമത്തിന് പിന്നാലെ യുഎസ് സീക്രട്ട് സർവീസ് മേധാവിയുടെ രാജി. സുരക്ഷാ വീഴ്ചയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി അറിയിച്ചുകൊണ്ടാണ് സീക്രട്ട് സർവീസ് മേധാവി കിംബർലി ചീറ്റ്ലീ രാജിവച്ചത് . ട്രംപിനെതിരായ വധശ്രമത്തിനു പിന്നാലെ സീക്രട്ട് സർവീസിനെതിരെ പ്രതിഷേധം ശക്തമായിരുന്നു.
2022 ഓഗസ്റ്റിലാണ് കിംബർലി സീക്രട്ട് സർവീസ് ഏജൻസിയുടെ ഡയറക്ടർ സ്ഥാനത്തെത്തുന്നത്. ജീവനക്കാർക്ക് അയച്ച മെയിലിൽ രാജിയുടെ കാരണങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. സുരക്ഷാ വീഴ്ചയുടെ ഉത്തരവാദിത്തം താൻ പൂർണമായി ഏറ്റെടുക്കുന്നുവെന്നും സമീപ കാല സംഭവങ്ങളുടെ വെളിച്ചത്തിലാണ് രാജിവയ്‌ക്കാനുള്ള തീരുമാനത്തിലെത്തിയതെന്നും ഇമെയിൽ സന്ദേശത്തിൽ പറയുന്നു.
ട്രംപിനെതിരായ വധശ്രമത്തിനുപിന്നാലെ ഡെമോക്രറ്റുകളുടെയും റിപ്പബ്ലിക്കുകളുടെയും കോൺഗ്രസ് കമ്മിറ്റിയിൽ സീക്രട്ട് സർവീസ് മേധാവി ഹാജരായിരുന്നുവെന്നും ഇതിൽ സുരക്ഷാ വീഴ്ചകളുടെ പേരിൽ കിംബർലി ചീറ്റ്ലിയെ മണിക്കൂറുകളോളം നേതാക്കൾ ശകാരിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്. അന്വേഷണത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് തൃപ്തികരമായ മറുപടി നൽകുന്നതിൽ പരാജയപ്പെട്ടതാണ് നേതാക്കളെ ചൊടിപ്പിച്ചത്. സുരക്ഷാ വീഴ്ച സീക്രട്ട് സർവീസിന്റെ ഏറ്റവും വലിയ പ്രവർത്തന പരാജയമായാണ് കമ്മിറ്റിയിൽ വിലയിരുത്തപ്പെട്ടത്. ഇതിനുപിന്നാലെയാണ് കിംബർലി ചീറ്റ്ലിയുടെ രാജി പ്രഖ്യാപനം.















