വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥി ഡോണൾഡ് ട്രംപിനെക്കാൾ വിജയസാധ്യത നിലവിലെ വൈസ് പ്രസിഡന്റ് കമല ഹാരിസിന് ആണെന്ന് റിപ്പോർട്ട്. മത്സരത്തിൽ നിന്ന് പിന്മാറുകയാണെന്ന് ജോ ബൈഡൻ പ്രഖ്യാപിച്ചതിന് പിന്നാലെ കമല ഹാരിസിനെ തന്റെ പിൻഗാമിയായി ബൈഡൻ നിർദേശിച്ചിരുന്നു. ഇതിന് പിന്നാലെ നടത്തിയ റോയിട്ടേഴ്സ്-ഇപ്സോസ് പോൾ സർവേയിലാണ് ട്രംപിനെക്കാൾ വിജയസാധ്യത കൂടുതൽ കമല ഹാരിസിന് ആണെന്ന് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടത്തിയ അഭിപ്രായ സർവേകൾക്ക് പിന്നാലെയാണ് ഫലം പുറത്ത് വിട്ടത്. കമല ഹാരിസിന് 44 ശതമാനം മുതൽ 42 ശതമാനം വരെ ലീഡുണ്ടെന്നാണ് സർവേ അഭിപ്രായപ്പെടുന്നത്. ട്രംപിനെ അപേക്ഷിച്ച് നേരിയ മുൻതൂക്കം കമല ഹാരിസിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയും സമാനമായ രീതിയിൽ ഇവർ സർവേ നടത്തി റിപ്പോർട്ട് പുറത്ത് വിട്ടിരുന്നു. അന്ന് ഇരുകൂട്ടർക്കും 44 ശതമാനം പിന്തുണയാണ് ഉണ്ടായിരുന്നത്.
ബൈഡൻ മത്സരത്തിൽ നിന്ന് പിന്മാറിയത് ഡെമോക്രാറ്റിക് പാർട്ടിക്ക് അനുകൂലമാകുമെന്ന സൂചനയാണ് ഇതോടെ വ്യക്തമാകുന്നത്. ശക്തയായ സ്ഥാനാർത്ഥിയായിരിക്കുമെന്നും, ഏത് വെല്ലുവിളികളേയും നേരിടാൻ കഴിയുമെന്നുമുള്ള പ്രസ്താവയ്ക്ക് 56 ശതമാനം പേരാണ് കമല ഹാരിസിനെ പിന്തുണച്ചിരിക്കുന്നത്. സമാനമായ ചോദ്യത്തിന് 49 ശതമാനം പേരുടെ പിന്തുണയാണ് ട്രംപിന് ലഭിച്ചിട്ടുള്ളത്. അതേസമയം ഇതേ ചോദ്യത്തിന് 22 ശതമാനം പേരുടെ പിന്തുണ മാത്രമാണ് ബൈഡന് ലഭിച്ചത്. ട്രംപുമായുള്ള ആദ്യ ഘട്ട സംവാദത്തിന് പിന്നാലെ ബൈഡന് അടിപതറുന്ന കാഴ്ചയാണ് കാണാനായത്. ഇതോടെ ഡെമോക്രാറ്റിക് പാർട്ടിക്കുള്ളിൽ നിന്ന് തന്നെ ബൈഡന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു.
എന്നാൽ, കമലാ ഹാരിസിനെ നിഷ്പ്രയാസം തോൽപിക്കുമെന്നാണ് ട്രംപ് കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങളോട് പറഞ്ഞത്. ബൈഡന് മുഖ്യധാരയിൽ കുറച്ചും കൂടി സ്വീകാര്യത ഉണ്ടായിരുന്നു. കമലക്ക് സ്വാധീനം കുറവാണെന്നാണ് ട്രംപിന്റെ കാഴ്ചപ്പാട്. അമിത ആത്മവിശ്വാസത്തോടെയാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനായി ട്രംപ് ഒരുങ്ങുന്നത്.