നോയിഡ : പൂട്ട് തകർത്ത് കാറുകൾ മോഷ്ടിക്കുന്ന സംഘം അറസ്റ്റിൽ . നോയിഡയിൽ നിന്നാണ് സംഘത്തിന്റെ സൂത്രധാരൻ ഉൾപ്പെടെ ആറ് മോഷ്ടാക്കളെ പിടികൂടിയത് . ഇവരിൽ നിന്ന് മോഷ്ടിച്ച 10 ആഡംബര കാറുകളും പോലീസ് കണ്ടെടുത്തു. യുപിക്ക് പുറമെ ഡൽഹി, ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ തുടങ്ങി രാജ്യത്തെ പല സംസ്ഥാനങ്ങളിലും വ്യാജരേഖയുണ്ടാക്കി മോഷ്ടിച്ച വാഹനങ്ങൾ ഈ സംഘം വിൽപന നടത്തിയിരുന്നു.
സോനു, ഖലീൽ, മോനു കുമാർ, രാജേഷ് കക്കർ, അലി ഷെർ എന്ന ഇമ്രാൻ, പ്രമോദ് എന്നിവരാണ് അറസ്റ്റിലായത് . എട്ടാം ക്ലാസ് പാസ്സായ സോനുവാണ് സംഘത്തിലെ പ്രധാനി. വാഹനങ്ങളുടെ ഇലക്‌ട്രോണിക് ലോക്കുകൾ ഹാക്ക് ചെയ്യുന്നതിൽ വിദഗ്ധനാണ് സോനു. ഇസിഎം (ഇലക്‌ട്രോണിക് കണ്ടൻ്റ് മാനേജ്‌മെൻ്റ്) മെഷീൻ റീ-പ്രോഗ്രാം ചെയ്‌ത് പുതിയ കോഡുകൾ സൃഷ്‌ടിച്ച് ഡ്യൂപ്ലിക്കേറ്റ് താക്കോലുകൾ ഉപയോഗിച്ച് ആഡംബര വാഹനങ്ങൾ മോഷ്‌ടിക്കുകയാണ് സംഘം ചെയ്യുന്നത്.
പത്ത് മിനിറ്റ് മാത്രമാണ് കാർ മോഷ്ടിക്കാൻ എടുക്കുന്നതെന്നാണ് സംഘം പോലീസിനോട് പറഞ്ഞത് . കാറുകൾ മോഷ്ടിച്ച ശേഷം നമ്പർ പ്ലേറ്റുകളും മറ്റും ഊരിമാറ്റുകയായിരുന്നു പതിവ് . തുടർന്ന് 3 ദിവസം സുരക്ഷിതമായ പാർക്കിംഗ് സ്ഥലത്തോ ഒറ്റപ്പെട്ട സ്ഥലത്തോ കാർ പാർക്ക് ചെയ്യും. അതിനുശേഷം വ്യാജരേഖയുണ്ടാക്കി പുതിയ നമ്പർപ്ലേറ്റുകൾ സ്ഥാപിച്ച് വാഹനങ്ങൾ അന്യസംസ്ഥാനങ്ങളിൽ വിൽപന നടത്തിവരികയായിരുന്നു.
പഞ്ചാബ്, ഹരിയാന, മഹാരാഷ്‌ട്ര, ചെന്നൈ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് മോഷണം പോയ വാഹനങ്ങൾ വാങ്ങിയത്. ഇരുന്നൂറിലധികം വാഹനങ്ങൾ മോഷ്ടിച്ചതായും സംഘം സമ്മതിച്ചു. യുപിക്ക് പുറമെ, മോഷ്ടിച്ച വാഹനങ്ങളെല്ലാം ഡൽഹി, ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ തുടങ്ങി രാജ്യത്തെ പല സംസ്ഥാനങ്ങളിലും വിറ്റിട്ടുണ്ട്.
ഏതാനും ദിവസം മുമ്പ് സോർഖ ഗ്രാമത്തിൽ നിന്ന് ഫോർച്യൂണർ കാർ മോഷ്ടിക്കപ്പെട്ടിരുന്നു . മോഷണം നടത്തുന്ന സമയം സിസിടിവി ക്യാമറകളിൽ പതിഞ്ഞിരുന്നു. വീഡിയോയുടെ അടിസ്ഥാനത്തിൽ അക്രമികളെ തിരിച്ചറിയുകയും ചെയ്തു. തുടർന്ന് എസിപിയുടെ നേതൃത്വത്തിൽ 15 പേരടങ്ങുന്ന പൊലീസ് സംഘം രൂപീകരിച്ചു. തിങ്കളാഴ്ച നോയിഡ അതിർത്തിയിൽ വീണ്ടും മോഷണം നടത്താൻ എത്തിയപ്പോഴാണ് സംഘം പിടിയിലായത്.