ആണവ മേഖലയിൽ ഇനി സ്വകാര്യ പങ്കാളിത്തവുമുണ്ടാകും. ഊർജ മേഖലയുടെ വികസനത്തിന് സ്വകാര്യ മേഖലയുമായി സഹകരിച്ച് രാജ്യത്ത് ‘ഭാരത് സ്മോൾ റിയാക്ടറുകൾ’ എന്ന കുഞ്ഞൻ ആണവ റിയാക്ടറുകൾ സ്ഥാപിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം. രാജ്യത്ത് ഇതാദ്യമായാണ് ആണവ മേഖലയിൽ സ്വകാര്യ പങ്കാളിത്തത്തിന് അനുമതി നൽകുന്നത്.
വലിയ ആണവ റിയാക്ടറുകളുടെ ചെറുപതിപ്പാണ് സ്മോൾ മോഡുലർ റിയാക്ടറുകൾ. കൂടുതൽ സുരക്ഷിതമായ റിയാക്ടറുകളായിട്ടാണ് ഇവ അറിയപ്പെടുന്നത്. വികസിത ഭാരതത്തിൽ ഊർജോത്പാദനത്തിന്റെ നിർണായക പങ്ക് ആണവ റിയാക്ടറുകളിൽ നിന്നാകുമെന്നും ധനമന്ത്രി നിർമലാ സീതാരാമൻ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. ആണവോർജത്തിന് പുതിയ സാങ്കേതികവിദ്യകളുടെ വികസനവും ഗവേഷണവും എന്നിവയിലും സ്വകാര്യ മേഖലയുമായി പങ്കാളിയാകും.
സ്മോൾ മോഡുലർ റിയാക്ടറുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ഗവേഷണം നിലവിൽ മുംബൈയിൽ ഭാഭ അറ്റോമിക് റിസർച് സെന്ററിൽ (ബാർക്) പുരോഗമിക്കുകയാണ്. നാഷണൽ തെർമൽ പവർ കോർപറേഷനും (എൻടിപിസി) ഭാരത് ഹെവി ഇലക്ട്രിക്കൽ ലിമിറ്റഡും ചേർന്ന് 800 മെഗാവാട്ട് ശേഷിയുള്ള അഡ്വാൻസ് അൾട്രാ സൂപ്പർ ക്രിട്ടിക്കൽ തെർമൽ പവർ പ്ലാന്റ് (എയുഎസ്സി) സ്ഥാപിക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു. തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതികവിദ്യയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.
ഇന്ത്യ ആണവോർജ നിയമം-1962 പ്രകാരം ആണവോർജ ഉത്പാദനത്തിൽ പങ്കാളികളാകാൻ സ്വകാര്യ മേഖലയെ അനുവദിച്ചിരുന്നില്ല. ഭാരത് സ്മോൾ റിയാക്ടർ നിലവിൽ പരീക്ഷിച്ചിട്ടുണ്ട്. ഇതിന്റെ 16 യൂണിറ്റുകൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്.