കോതമംഗലം: ” വണ്ടി പഞ്ചറായതുകൊണ്ട് അങ്കോല ദേശീയ പാതയിലെ മണ്ണിടിച്ചിലിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു. ടയർ പഞ്ചറൊട്ടിച്ചതിലും അറ്റകുറ്റപ്പണികൾ നടത്തിയതിലും വർക്ക്‌ഷോപ്പിലെ ആളോട് പൈസ കുറയ്‌ക്കാൻ ആവശ്യപ്പെട്ട് നിന്നില്ലായിരുന്നെങ്കിൽ ഞാനും മറ്റൊരു അർജുൻ ആകുമായിരുന്നു.” വാക്കുകൾ പറഞ്ഞവസാനിപ്പിക്കുമ്പോഴും ബിബിൻ ബോസ് എന്ന 33കാരന്റെ മുഖത്ത് ഭയം നിഴലിച്ചിരുന്നു. അങ്കോല മണ്ണിടിച്ചിലിൽ നിന്നും തലനാരിഴ വ്യത്യാസത്തിലാണ് എറണാകുളം കൂറ്റംവേലി സ്വദേശി ബിബിൻ ബോസ് രക്ഷപ്പെട്ടത്.
ഇതരസംസ്ഥാനങ്ങളിലേക്ക് ലോറിയുമായി പോകുന്ന ജോലി 12 വർഷമായി ബിബിൻ ചെയ്യുന്നുണ്ട്. ഇത്തരത്തിൽ സഹഡ്രൈവർ അഭിലാഷുമായി ഷിരൂരിലെത്തിയപ്പോഴാണ് ലോറി പഞ്ചറായത്. തുടർന്ന് അറ്റകുറ്റപ്പണികളെല്ലാം നടത്തി ചാർജായി 2,000 രൂപ കടക്കാരൻ ആവശ്യപ്പെട്ടപ്പോൾ എന്തെങ്കിലും കുറച്ചു കിട്ടുമോ എന്നറിയറിയാൻ അയാളുമായി വിലപശേി നിൽക്കുകയായിരുന്നു ബിബിൻ.
സഹികെട്ട് കടക്കാരൻ 50 രൂപ തിരികെ നൽകി. ഇതിനിടയിലാണ് സമീപത്തെ മല ഇടിഞ്ഞു വരുന്നത് ബിബിന്റെ ശ്രദ്ധയിൽപ്പെട്ടത്. മണ്ണിടിച്ചിൽ നടന്ന ഭാഗത്ത് നിന്ന് 150 മീറ്റർ മാറിയായിരുന്നു ബിബിൻ ലോറി നിർത്തിയിരുന്നത്. വിലപേശി നിന്നിരുന്നില്ലായിരുന്നുവെങ്കിൽ താനും അഭിലാഷും മണ്ണിനടിയിൽപ്പെടുമായിരുന്നുവെന്ന് ബിബിൻ പറയുന്നു.
മണ്ണിടിഞ്ഞ് വരുന്നത് ശ്രദ്ധയിൽപ്പെട്ട ബിബിൻ തന്റെ ലോറിയും സമീപത്തായി നിർത്തിയിട്ട ടാങ്കർ ലോറിയും കുറച്ചു ദൂരം മാറ്റിയിട്ടു. ടാങ്കർ ലോറിയിലെ ഡ്രൈവർ ലക്ഷ്മണന്റെ കടയിൽ ചായകുടിക്കാൻ കയറിയതായിരിക്കണം. എല്ലാവരെയും വിവരം അറിയിക്കുന്നതിന് മുന്നേ എല്ലാം നിമിഷനേരം കൊണ്ടായിരുന്നു തകർന്നടിഞ്ഞതെന്ന് ബിബിൻ വേദനയോടെ ഓർക്കുന്നു.
മണ്ണിടിച്ചിലിൽ മലയിലുണ്ടായിരുന്ന മൊബൈൽ ടവർ പൊട്ടിത്തെറിച്ചു. ഒരു ടാങ്കർ പുഴയിലേക്ക് തെറിച്ച് വീണ് അതിശക്തമായി വെള്ളം കരയിലേക്ക് അടിച്ചുക്കയറി. എന്നാൽ കാണാതായ അർജുന്റെ ലോറി തന്റെ ശ്രദ്ധയിൽപ്പെട്ടില്ലെന്നും ബിബിൻ പറഞ്ഞു. ദൈവ സഹായം ഉണ്ടായതുകൊണ്ട് മാത്രമാണ് താനും മണ്ണിടിച്ചിലിൽപെടാതെ ജീവനോടെ തിരികെയെത്തിയതെന്ന് ബിബിൻ പറഞ്ഞു.