കോഴിക്കോട്: കെഎസ്ആർടിസി ബസ് വഴി സിഗരറ്റ് കടത്താൻ ശ്രമം. ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന കെഎസ്ആർടിസി സൂപ്പർ എക്‌സ്പ്രസ് ബസിലാണ് സിഗരറ്റ് കടത്താൻ ശ്രമിച്ചത്. സംഭവത്തിൽ ബസിൽ നിന്ന് 80 പാക്കറ്റ് സിഗരറ്റ് കണ്ടെടുത്തതായി വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു.
വിജിലൻസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ബാഗിൽ നിറച്ച സിഗരറ്റ് പാക്കറ്റുകൾ പിടികൂടിയത്. എന്നാൽ ബാഗ് ആരുടേതാണെന്ന് അറിയില്ലെന്നും സിഗരറ്റ് ബാഗിലുണ്ടായിരുന്ന വിവരം അറിഞ്ഞില്ലെന്നുമാണ് ബസ് കണ്ടക്ടർ പറയുന്നത്.
ബസിൽ നടക്കുന്ന നിയമ വിരുദ്ധമായ കാര്യങ്ങൾ കണ്ടെത്തി നടപടി സ്വീകരിക്കേണ്ടത് കണ്ടക്ടറാണെന്ന നിലപാടിലാണ് കെഎസ്ആർടിസി വിജിലൻസ് വിഭാഗം. കണ്ടക്ടർക്കെതിരെ വിജിലൻസ് എക്‌സിക്യൂട്ടീവ് ഡയറക്ടർക്ക് ശുപാർശ നൽകിയതായി വിജിലൻസ് ഇൻസ്‌പെക്ടർ പറഞ്ഞു.















