മൂന്നാം മോദി സർക്കാരിന്റെ പ്രഥമ ബജറ്റ് ഓഹരി വിപണിയെ പിടിച്ചു കുലുക്കിയെങ്കിലും നേട്ടം മാത്രം ലഭിച്ചൊരു കമ്പനിയാണ് രത്തൻ ടാറ്റയുടെ ടൈറ്റൻ കമ്പനി. കമ്പനിയുടെ ഒറ്റ ദിവസത്തെ നേട്ടം ഏകദേശം 19,000 കോടി രൂപയോളമാണ്.
സ്വർണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ആറ് ശതമാനം കുറച്ചതോടെ ടൈറ്റന്റെ ഓഹരികൾ ഏകദേശം 7 ശതമാനത്തോളമാണ് ഉയർന്നത്.
ടാറ്റയുടെ കീഴിലുള്ള ടൈറ്റന്റെ തനിഷ്‌ക് എന്ന ബ്രാൻഡ് ഓഹരി മൂല്യത്തിൽ വൻ കുതിപ്പ് സൃഷ്ടിച്ചു. ടൈറ്റന്റെ ഓഹരികൾ 6.63 ശതമാനം ഉയർന്ന് 3,468.15 രൂപയിലാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. ട്രേഡിംഗ് സെഷനിൽ ഒരു ദിവസത്തെ ഏറ്റവും ഉയർന്ന മൂല്യമായ 3,490 രൂപ വരെ എത്തിയിരുന്നു. സെഷനിൽ 7.30 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയത്.
നേരത്തെ 2,88,757.16 കോടി രൂപയായിരുന്ന ടൈറ്റന്റെ വിപണി മൂലധനം ചൊവ്വാഴ്‌ച 3,07,897.56 കോടിയായി ഉയർന്നു. മണിക്കൂറുകൾ കൊണ്ട് കമ്പനിയുടെ മൂല്യത്തിൽ 19,140.4 കോടി രൂപയുടെ വർദ്ധനയുണ്ടായി.
ബജറ്റിൽ സ്വർണത്തിന്റെയും വെള്ളിയുടെയും കസ്റ്റംസ് തീരുവ 15 ശതമാനത്തിൽ നിന്ന് ആറ് ശതമാനമായും പ്ലാറ്റിനത്തിന്റെ തീരുവ 15.4 ശതമാനത്തിൽ നിന്ന് 6.4 ശതമാനമായുമാണ് കുറച്ചത്. സ്വർണം ഗ്രാമിന് 500 രൂപ വരെ കുറയുമെന്നാണ് സൂചന. ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ സ്വർണം ഗ്രാമിന് 250 രൂപയും പവന് 2,000 രൂപയും കുറഞ്ഞത് ഇതിന് തെളിവാണ്. ഒരു ഗ്രം വെള്ളിക്ക് 95 രൂപയായിരുന്നു ഇന്നലത്തെ വിപണി വില. വരും ദിവസങ്ങളിൽ 10 ഗ്രം വെള്ളിക്ക് 45 രൂപ വരെ കുറവുണ്ടായേക്കും.