“കേരളം വിട്ട് കഴിഞ്ഞാൽ ഇത്രയേറെ സഹകരണമുള്ള ആളുകൾ അപൂർവമാണ്. നല്ല മനസുള്ളവർക്ക് തന്നെ ഈ ഗതി വന്നല്ലോ”- ഷിരൂരിലെ മണ്ണിടിച്ചിലിൽ മരണപ്പെട്ട ലക്ഷ്മൺ ഭായിയെ കുറിച്ചും കുടുംബത്തെ കുറിച്ചും മലയാളി ഡ്രൈവർമാർ എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നതാണിത്. ഓടി തളർന്നെത്തുന്നവർക്ക് ആഹാരത്തിനപ്പുറം എല്ലാ സൗകര്യവുമൊരുക്കിയിരുന്നത് ലക്ഷ്മൺ ഭായും കുടുംബവുമായിരുന്നു.
കേരള ഭക്ഷണം ലഭിക്കുന്നതിനാൽ അർജുനെ പോലെ നിരവധി പേർ ആശ്രയമായിരുന്നു ഈ കൊച്ചുകട. ലക്ഷമൺ ഭായിയും ഭാര്യയും രണ്ട് കുഞ്ഞു മക്കളുമാണ് ഇവിടെ ഉണ്ടായിരുന്നത്. കടയിലെത്തുന്ന ആരും ആ കുഞ്ഞുമക്കളോട് ഒരു വാക്ക് മിണ്ടാതെ പോകാറില്ല. അപകടത്തിന് മണിക്കൂറുകൾക്ക് മുൻപ് പോലും ഷിരൂരിലെ കടയിൽ നിന്ന് ആഹാരം കഴിച്ച് മടങ്ങിയതാണ് പലരും. ഇവരെല്ലാവരും ഒന്നടങ്കം ദുഃഖത്തിലാണ്. ദുരന്തവിവരം ഉൾക്കൊള്ളാൻ പലർക്കും സാധിച്ചിട്ടില്ല. അവരുടെ മുഖം മനസിൽ നിന്ന് മാറുന്നില്ലെന്ന് ഡ്രൈവർമാർ പറയുന്നു.
ഇന്ന് അവിടെ ആ കടയില്ല, ലക്ഷ്മൺ ഭായിയെയും കുടുബത്തെയും മണ്ണെടുത്തു. ബാക്കിയായത് അവരുടെ നായ മാത്രമാണ്. ഉറ്റവർ നഷ്ടപ്പെട്ടതറിയാതെ ആ നായ ദുരന്തമുഖത്ത് അലഞ്ഞു നടക്കുകയാണ്. ഇവരുടെ കടയിൽ ജോലി ചെയ്തിരുന്ന ബന്ധു ജഗന്നാഥനെ ഇനിയും കണ്ടെത്താനായിട്ടില്ല.















