കോഴിക്കോട്: അങ്കോല ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് കളക്ടറേറ്റിലേക്ക് മാർച്ച്. അർജുന്റെ കുടുംബത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് കോഴിക്കോട് കളക്ടറേറ്റിലേക്ക് ലോറി ഉടമകളും നാട്ടുകാരും മാർച്ച് സംഘടിപ്പിച്ചത്.
രക്ഷാപ്രവർത്തനം ഊർജിതമാക്കി അർജുനെ കണ്ടെത്തണമെന്നും സർക്കാർ നടപടികൾ സ്വീകരിക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. കർണാടക സർക്കാരിന്റെ രക്ഷാപ്രവർത്തനങ്ങളിൽഅസംതൃപ്തരാണെന്നും ലോറി ഉടമകളും ജീവനക്കാരും പറഞ്ഞു. കർണാടക സർക്കാരിന്റെ തുടക്കം മുതലുള്ള സമീപനവും രക്ഷാദൗത്യ പ്രവർത്തനങ്ങളും വളരെ ഇഴഞ്ഞായിരുന്നു നീങ്ങിയിരുന്നത്.
മണ്ണിടിച്ചിലിൽ അർജുൻ ഉൾപ്പെടെ മൂന്ന് പേരെ ഇനിയും കണ്ടെത്താനുണ്ട്. എന്നാൽ ഗതാഗത മന്ത്രിയോ സംസ്ഥാന സർക്കാരോ ലോറി സംഘടനയുമായി ബന്ധപ്പെട്ട നേതാക്കളെയോ, ഉടമകളെയോ, തൊഴിലാളി സംഘടനകളേയോ വിളിക്കുകയോ ചർച്ചകൾ സംഘടിപ്പിക്കുകയോ ചെയ്തില്ലെന്നും പ്രതിഷേധക്കാർ പറഞ്ഞു.
അതേസമയം, 60 അടി താഴ്ചയിലുള്ള വസ്തുക്കളെ വലിച്ചുയർത്താൻ സാധിക്കുന്ന ലോംഗ് ബൂം എക്‌സകവേറ്റർ ദുരന്തസ്ഥലത്തെത്തിച്ച് തെരച്ചിൽ തുടരുകയാണ്. നദിക്കരയിൽ നിന്ന് 40മീറ്റർ അകലെ ലോഹഭാഗങ്ങൾ ഉണ്ടെന്ന് സോണാർ സിഗ്‌നൽ കിട്ടിയ ഭാഗം കേന്ദ്രീകരിച്ചാണ് ഇപ്പോൾ തെരച്ചിൽ നടത്തുന്നത്.















