ദ്വാരക: ഗുജറാത്തിൽ ദ്വാരക ജില്ലയിലെ ഖംഭാലിയയിൽ മൂന്ന് നില കെട്ടിടം തകർന്ന് വീണ് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. മരിച്ച മൂന്ന് പേരും സ്ത്രീകളാണ്. സംസ്‌ഥാനത്തെ കനത്ത മഴയെത്തുടർന്ന് ബുധനാഴ്ച പുലർച്ചയോടെയായിരുന്നു അപകടം.
ദേശീയ ദുരന്ത നിവാരണ സേനയുടേയും പ്രദേശവാസികളുടേയും നേതൃത്വത്തിലാണ് മരിച്ച മൂന്ന് പേരുടേയും മൃതദേഹങ്ങൾ പുറത്തെടുത്തത്. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും, തകർന്ന കെട്ടിടത്തിനിടയിൽ കൂടുതൽ ആളുകൾ കുടുങ്ങി കിടപ്പുണ്ടോ എന്ന കാര്യം പരിശോധിച്ച് വരികയാണെന്നും വഡോദരയിലെ എൻഡിആർഎഫ് ഇൻസ്‌പെക്ടർ ബിപിൻ കുമാർ പറഞ്ഞു.
അതേസമയം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗുജറാത്തിന്റെ പല ഭാഗങ്ങളിലും കനത്ത മഴയാണ് പെയ്യുന്നത്. പോർബന്തർ ജില്ലയിൽ പെയ്ത കനത്ത മഴയിൽ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. പലയിടങ്ങളിലും നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും, ആളപായം സംഭവിച്ചിട്ടില്ലെന്ന് പോർബന്തർ ജില്ലാ കലക്ടർ കെ ഡി ലഖാനി പറഞ്ഞു. കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് പറയുന്നതനുസരിച്ച് ഗുജറാത്തിൽ അടുത്ത രണ്ട് ദിവസത്തേക്ക് അതിശക്തമായ മഴ തുടരാൻ സാധ്യതയുണ്ട്. കൊങ്കൺ, ഗോവ, മധ്യമഹാരാഷ്‌ട്ര എന്നിവിടങ്ങളിലും ഒറ്റപ്പെട്ട മേഖലകളിൽ അതിശക്തമായ മഴ തുടരും എന്നാണ് പ്രവചനം.