ലോക സിനിമാ പ്രേക്ഷകർ കാത്തിരുന്ന ചിത്രമായ ജോക്കറിന്റെ രണ്ടാം ഭാഗത്തിന്റെ പുതിയ ട്രെയിലർ പുറത്തിറങ്ങി. രണ്ട് മിനിറ്റ് 50 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയാണ് കഴിഞ്ഞ ദിവസം അണിയറ പ്രവർത്തകർ പുറത്ത് വിട്ടത്. രണ്ടാം ഭാഗമായ ‘ജോക്കര്‍: ഫോളി അഡ്യൂ’വിന്റെ ആദ്യ ട്രെയിലർ മാസങ്ങൾക്ക് മുമ്പാണ് പുറത്ത് വിട്ടത്. അന്ന് ആ ട്രെയിലർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
2019ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ തുടർച്ചയാണ് ഈ സിനിമ. സമാനതകളില്ലാതെ വിജയമായിരുന്നു അന്ന് ജോക്കർ നേടിയത്. നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കിയ ചിത്രത്തിന് ആരാധകർ ഏറെയാണ്. അഞ്ചുവര്‍ഷത്തെ കാത്തിരിപ്പിന് ശേഷം രണ്ടാം ഭാഗമെത്തുമ്പോൾ, ചിത്രം ഇനിയും നിരവധി പുരസ്‌കാരങ്ങൾ സ്വന്തമാക്കുമെന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്.
ടോഡ് ഫിലിപ്പിസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വാക്വിന്‍ ഫീനിക്സ്, ലേഡി ഗാഗ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വോക്കിന്‍ ഫീനിക്‌സ് ആര്‍തറായി നായക കഥാപാത്രം അവതരിക്കുമ്പോൾ ഹാര്‍ലി ക്വിന്‍ എന്ന നായിക കഥാപാത്രത്തെയാണ് ലേഡി ഗാഗ അവതരിപ്പിക്കുന്നത്. ആർതർ എന്ന ജോക്കറും ഹാർലി ക്വിന്നിന്റെയും ജയിൽജീവിതവും ഇവർ തമ്മിലുള്ള സ്നേഹബന്ധവുമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രം ഒക്ടോബർ നാലിനാണ് തിയേറ്ററുകളിൽ എത്തുന്നത്.
ടോഡ് ഫിലിപ്‌സ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിർമ്മാണം വാർണർ ബ്രദേഴ്സ് പിക്ചേഴ്സും ഡിസി സ്റ്റുഡിയോസും ചേർന്നാണ്.ബ്രെൻഡൻ ഗ്ലീസൺ, കാതറിൻ കീനെർ, സാസി ബീറ്റ്സ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ഹില്‍ദുര്‍ ഗുനദോത്തിര്‍ ആണ് സംഗീതം നിർവ്വഹിച്ചിരിക്കുന്നത്.















