പത്തനംതിട്ട: കോന്നി കൂടൽ രാക്ഷസൻ പാറയ്‌ക്ക് സമീപം പുലിയിറങ്ങി. തിങ്കളാഴ്ച വൈകുന്നേരമാണ് പുലി രാക്ഷസൻ പാറയിലെത്തിയത്. ഇതിന്റെ ചിത്രങ്ങളൾ പുറത്തുവന്നിട്ടുണ്ട്. രാക്ഷസൻ പാറയ്‌ക്ക് സമീപം താമസിക്കുന്ന നിരവേൽ വീട്ടിൽ ആത്മജ് ആണ് ചിത്രങ്ങൾ പകർത്തിയത്.
മാസങ്ങളായി പ്രദേശത്ത് പുലിയുടെ സാന്നിധ്യമുള്ളതായി നാട്ടുകാർ പറയുന്നു. അടുത്തിടെ മൂന്ന് നാല് താറാവുകളെയാണ് വീട്ടിൽ നിന്ന് കാണാതായതെന്ന് ആത്മജ് പറഞ്ഞു. കോന്നി സ്‌ട്രൈക്കിംഗ് ഫോഴ്‌സും, വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധിച്ചു. പ്രദേശത്ത് ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ വന്യജീവി ശല്യം രൂക്ഷമാകുമ്പോൾ പ്രദേശത്ത് സന്ദർശനം നടത്തുകയല്ലാതെ വനംവകുപ്പിന്റെ ഭാഗത്ത് നിന്ന് യാതൊരു നടപടിയുമുണ്ടാകുന്നില്ലെന്ന് നാട്ടുകാർ പരാതി ഉന്നയിച്ചു.
കഴിഞ്ഞ ഒരാഴ്ചയ്‌ക്കിടെ പ്രദേശത്ത് നിരവധി പേരാണ് പുലിയെ കണ്ടത്. പുലി ശല്യത്തിൽ മാസങ്ങൾക്ക് മുൻപ് നാട്ടുകാരുടെ പരാതിയിലും പ്രതിഷേധത്തിലും പ്രദേശത്ത് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി അകപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു പുലി പ്രദേശത്തെത്തിയത്.















