തിരുവനന്തപുരം: ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയ നിർമാതാവ് സജിമോൻ പാറയിൽ, പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ അംഗമല്ലെന്ന് വ്യക്തമാക്കി സെക്രട്ടറി ബി. രാഗേഷ്. റിപ്പോർട്ട് പുറത്തുവിടുന്നതിൽ നിർമാതാക്കളുടെ സംഘടനയ്‌ക്ക് യാതൊരു എതിർപ്പുമില്ലെന്നും സെക്രട്ടറി പ്രതികരിച്ചു.
കോടതിയെ സമീപിച്ച സജിമോനുമായി സംഘടനയ്‌ക്ക് ബന്ധമില്ല. സജിമോൻ കോടതിയെ സമീപിക്കുന്നതിന് മുൻപ് സംഘടനയുമായി കൂടിയാലോചിച്ചിട്ടില്ല. സജിമോന്റെ വ്യക്തിപരമായ നടപടി മാത്രമാണിത്. സ്വന്തം നിലയ്‌ക്കാണ് അയാൾ ഹർജി നൽകിയതെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സെക്രട്ടറി ബി. രാഗേഷ് വ്യക്തമാക്കി.
ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നത് സംബന്ധിച്ച് പ്രത്യേകിച്ചൊരു നിലപാട് സംഘടനയ്‌ക്ക് ഇല്ല. സിനിമാ മേഖലയിൽ സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ കൂടുതലാണെന്നും സംഘടന കരുതുന്നില്ല. എല്ലാ തൊഴിൽമേഖലയിലുമുള്ളത് പോലെ ഒറ്റപ്പെട്ട സംഭവങ്ങൾ മാത്രമാണ് സിനിമാ മേഖലയിലുമുള്ളതെന്നും രാഗേഷ് ചൂണ്ടിക്കാട്ടി.
നടിയെ ആക്രമിച്ച കേസിന് പിന്നാലെയായിരുന്നു സംസ്ഥാന സർക്കാർ ഹേമാ കമ്മിറ്റിയെ നിയമിച്ച് അന്വേഷണം നടത്തിയത്. സിനിമാ മേഖലയിലെ സ്ത്രീ ജീവനക്കാർ നേരിട്ട ദുരനുഭവങ്ങളടങ്ങിയ റിപ്പോർട്ട് 5 വർഷം മുൻപ് സംസ്ഥാന സർക്കാരിന് സമർപ്പിക്കപ്പെട്ടെങ്കിലും പുറത്തുവിട്ടിരുന്നില്ല. ഒടുവിൽ ഇന്ന് വൈകിട്ട് റിപ്പോർട്ട് പുറത്തുവിടാനിരിക്കെയാണ് ഹൈക്കോടതിയുടെ താത്കാലിക സ്റ്റേ അപ്രതീക്ഷിതമായി വന്നത്. സ്വകാര്യതയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി നിർമാതാവ് സജിമോൻ പാറയിൽ സമർപ്പിച്ച ഹർജിയിലായിരുന്നു കോടതി ഇടപെടൽ. ഒരാഴ്ചത്തേക്കാണ് സ്റ്റേ. സർക്കാർ അടക്കമുള്ള എതിർകക്ഷികൾക്ക് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
പുറത്തുവിടാൻ അനുമതി നൽകിയ റിപ്പോർട്ടിലെ ഭാഗങ്ങളിൽ ആരുടെയും വ്യക്തിവിവരങ്ങൾ അടങ്ങിയിട്ടില്ല. എന്നിരുന്നാലും റിപ്പോർട്ട് പുറത്തുവിടുന്നത് ചിലരുടെ സ്വകാര്യതയെ ബാധിക്കുമെന്നാണ് ഹർജിക്കാരന്റെ വാദം. കേസ് അടുത്ത മാസം ഒന്നിന് കോടതി വീണ്ടും പരിഗണിക്കും.















