ബെംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്തുന്നതിനായുള്ള തിരച്ചിൽ നിർണായക ഘട്ടത്തിൽ. അർജുൻ ഓടിച്ചിരുന്ന ലോറി കാണാൻ സാദ്ധ്യതയുളള പ്രദേശത്തിന്റെ സോണാർ ചിത്രം സൈന്യം പുറത്തുവിട്ടു. സോണാർ എസ്കവേറ്റർ ഉപയോഗിച്ച് അഞ്ചുമണിക്കൂറോളം നടത്തിയ തിരച്ചിലിന് ശേഷമാണ് സൈന്യം നിർണായക ചിത്രം പുറത്തുവിട്ടിരിക്കുന്നത്. ഇതാദ്യമായിട്ടാണ് രക്ഷാപ്രവർത്തനത്തിനിടെ ആശാവഹമായ ഒരു സൂചന ലഭിക്കുന്നത്.
ഒരു ട്രക്ക് വെളളത്തിൽ ലൊക്കേറ്റ് ചെയ്തതായി കർണാടക റവന്യൂ മന്ത്രി കൃഷ്ണ ബൈര ഗൗഡയും എക്സിലൂടെ അറിയിച്ചിട്ടുണ്ട്. നേവിയുടെ മുങ്ങൽ വിദഗ്ധർ ഇക്കാര്യം വൈകാതെ സ്ഥിരീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഷിരൂരിലെ രക്ഷാപ്രവർത്തനത്തിലെ പുതിയ വിവരങ്ങൾ എന്ന് പറഞ്ഞാണ് ഇക്കാര്യം പങ്കുവെച്ചത്.
സൈഡ് സ്കാൻ സോണാർ ഓപ്പറേഷൻസ് ബൈ ഇന്ത്യൻ നേവി എന്ന ചിത്രമാണ് സേന പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിൽ വാഹനം ഉണ്ടാകാൻ ഇടയുള്ള രണ്ട് സ്ഥലങ്ങളും രണ്ട് സ്ഥലങ്ങളും അടയാളപ്പെടുത്തിയിട്ടുണ്ട്. ചിത്രത്തിൽ കോൺടാക്ട് 1 എന്ന് രേഖപ്പെടുത്തിയിരിക്കുന്ന സ്ഥലത്ത് അർജുൻ ഓടിച്ചിരുന്ന വാഹനം 90 ശതമാനവും ഉണ്ടെന്നാണ് സേനയുടെ വിലയിരുത്തൽ.
തിരച്ചിലിൽ അനുകൂല സൂചനകൾ ലഭിച്ചെന്ന് കാർവാർ എംഎൽഎ നേരത്തെ അറിയിച്ചിരുന്നു. ഉത്തര കന്നഡ കളക്ടറും എസ്പിയുടെ ഉൾപ്പെടുന്ന സംഘവും കര-നാവിക സേന ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്. കരസേനയും നാവികസേനയും ചേർന്ന് പുഴയുടെ തീരം കേന്ദ്രീകരിച്ചാണ് തിരച്ചിൽ നടത്തുന്നത്. ബൂം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്.
ലോറിയിൽ തടി കെട്ടാൻ ഉപയോഗിക്കുന്ന തരത്തിലുളള കയറിന്റെ കഷ്ണം നേരത്തെ തെരച്ചിലിൽ കണ്ടെത്തിയിരുന്നു. എന്നാൽ ഇത് തടി കെട്ടാൻ ഉപയോഗിക്കുന്നതല്ലെന്ന് പിന്നീട് നിഗമനത്തിലെത്തിയിരുന്നു.