മുംബൈ: ഏപ്രിൽ 14 നാണ് നടൻ സൽമാൻ ഖാന്റെ മുംബൈയിലെ വസതിയായ ഗാലക്‌സി അപ്പാർട്ട്‌മെൻ്റിൽ വെടിവെപ്പ് നടന്നത്. ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. പിന്നാലെ ലോറൻസ് ബിഷ്‌ണോയി സംഘം സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സോഷ്യൽ മീഡിയയിലൂടെ രംഗത്ത് വന്നിരുന്നു. അന്വേഷണം തുടരുന്നതിനിടെ ജൂൺ നാലിന് മുംബൈ ക്രൈംബ്രാഞ്ച് സൽമാൻഖാന്റെ മൊഴി രേഖപ്പെടുത്തി. നടൻ നൽകിയ മൊഴിയുടെ വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വന്നത്.
” ഞാൻ ഒരു സിനിമാതാരമാണ്, കഴിഞ്ഞ 35 വർഷമായി ഹിന്ദി ചലച്ചിത്രമേഖലയിൽ പ്രവർത്തിക്കുന്നു. പല സന്ദർഭങ്ങളിലും, ബാന്ദ്രയിലെ ബാൻഡ്‌സ്റ്റാൻഡിനടുത്തുള്ള എന്റെ വീടിന് സമീപം അഭ്യുദയകാംക്ഷികളും ആരാധകരും ഒത്തുകൂടാറുണ്ട്.
അവരെ അഭിവാദ്യം ചെയ്യാൻ, ഞാൻ വീടിന്റെ ഒന്നാം നിലയിലെ ബാൽക്കണിയിൽ നിന്ന് കൈ വീശി കാണിക്കാറുമുണ്ട്,” നടൻ പറയുന്നു.
മുമ്പ് പലതവണ തനിക്ക് വധഭീഷണി ലഭിച്ചതായും നടൻ മൊഴി നൽകി. 2022 ൽ എന്നെയും കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ഒരു കത്ത് പിതാവിന് ലഭിച്ചിരുന്നു. 2023 മാർച്ചിൽ മെയിലിലൂടെ ഭീഷണി ലഭിച്ചു. ഇത് സംബന്ധിച്ച പൊലീസിൽ പരാതിയും നൽകിയിരുന്നു.
ഈ വർഷം ജനുവരിയിൽ ലോറൻസ് ബിഷ്‌ണോയിയുടെ ഗ്രാമമായ രാജസ്ഥാനിലെ ഫാസിൽകയിൽ നിന്നുുള്ള രണ്ട് പേർ വ്യാജ പേരും തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് പൻവേലിലുള്ള ഫാംഹൗസിലേക്ക് കടക്കാൻ ശ്രമിച്ചു. ഇതിന് പിന്നാലെ എനിക്ക് വൈ പ്ലസ് സുരക്ഷയാണ് മുംബൈ പൊലീസ് നൽകിയിരിക്കുന്നത്. എന്നെയും എന്റെ കുടുംബത്തെയും കൊല്ലാനായിരുന്നു അവരുടെ പദ്ധതി, ഞങ്ങളുടെ ജീവൻ അപകടത്തിലാണ്, സൽമാൻ ഖാന്റെ മൊഴിയിൽ പറയുന്നു.















