രജൗരി: ജമ്മുവിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തുന്നതിനിടെ വീരമൃത്യുവരിച്ച ലാൻസ് നായിക്ക് സുബാഷ് ചന്ദറിന് അന്തിമോപചാരമർപ്പിച്ച് സൈന്യം. ജമ്മുവിലെ ബട്ടാൽ മേഖലയിൽ ഭീകര വിരുദ്ധ പ്രവർത്തനത്തിലേർപ്പെടുന്നതിനിടെ ഇന്നലെയാണ് സുബാഷ് ചന്ദർ വീരമൃത്യുവരിക്കുന്നത് .
“പ്രദേശത്ത് സമാധാനം ഉറപ്പാക്കാൻ ഭീകര വിരുദ്ധ പ്രവർത്തനം നടത്തുന്നതിനിടയിൽ ജീവൻ ബലിയർപ്പിച്ച ധീര ജവാൻ ലാൻസ് നായിക്ക് സുബാഷ് ചന്ദറിന് ആദരസൂചകമായി പുഷ്പചക്രമർപ്പിച്ചു,” വൈറ്റ് നൈറ്റ് കോർപ്സ് എക്‌സിൽ കുറിച്ചു. കർത്തവ്യനിർവ്വഹണത്തിനിടയിൽ ജീവൻ വെടിഞ്ഞ സുഭാഷ് ചന്ദറിന്റെ പരമോന്നത ത്യാഗത്തെ വൈറ്റ് നൈറ്റ് കോർപ്സിന്റെ എല്ലാ റാങ്കുകാരും അഭിവാദ്യം ചെയ്യുന്നതായും ഈ ദുഃഖവെളയിൽ സുബാഷ് ചന്ദറിന്റെ കുടുംബാംഗങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തുന്നതായും സൈന്യം അറിയിച്ചു.
ജമ്മുകശ്മീരിലെ ബട്ടാൽ മേഖലയിൽ നിയന്ത്രണ രേഖയ്‌ക്കടുത്ത് ചൊവ്വാഴ്ച പുലർച്ചയോടെയാണ് ഭീകരരുമായി ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലിൽ ഗുരുതരമായി പരിക്കേറ്റ ലാൻസ് നായിക്ക് സുഭാഷ് ചന്ദർ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസം ജമ്മു കശ്മീരിലെ രജൗരി ജില്ലയിൽ സൈനിക പോസ്റ്റിനു നേരെയുണ്ടായ ഭീകരാക്രമണ ശ്രമം സൈന്യം പരാജയപ്പെടുത്തിയിരുന്നു. സംഭവത്തിൽ ഒരു സൈനികനും ഒരു സാധാരണക്കാരനും പരിക്കേറ്റിരുന്നു.