കോളേജിലെ പ്രമോഷൻ പരിപാടിക്കെത്തിയപ്പോൾ ധരിച്ച വസ്ത്രത്തിനെതിരെ ഉയർന്ന വിമർശനങ്ങളിൽ പ്രതികരിച്ച് നടി അമലാ പോൾ. തനിക്കിഷ്ടമുള്ള വസ്ത്രമാണ് താൻ ധരിക്കുന്നതെന്നും വിമർശനങ്ങളെ കാര്യമായി എടുക്കുന്നില്ലെന്നും അവർ വ്യക്തമാക്കി. ലെവൽ ക്രോസ് എന്ന സിനിമയുടെ അണിയറപ്രവർത്തകർ നടത്തിയ പ്രസ്മീറ്റിനിടെയായിരുന്നു നടിയുടെ പ്രതികരണം.
“എനിക്കിഷ്ടമുള്ള വസ്ത്രമാണ് ഞാനിടുന്നത്. കോളേജിലെ പരിപാടിക്ക് പോയപ്പോൾ ധരിച്ച വസ്ത്രം അനുചിതമായിരുന്നുവെന്ന് കരുതുന്നില്ല. ഒരുപക്ഷെ കാമറയിൽ കാണിച്ച വിധം ഉചിതമല്ലാത്ത രീതിയിലാകാം. എന്നെ കാമറയിൽ ഏതുരീതിയിലാണ് ചിത്രീകരിക്കുന്നത് എന്നുള്ള കാര്യം എന്റെ നിയന്ത്രണത്തിൽ വരുന്നതല്ല. എന‍്‍റെ മൂഡിന് അനുസരിച്ച് സാരിയും സൽവാറും വെസ്റ്റേൺ ഡ്രസും തിരഞ്ഞെടുക്കാറാണ് പതിവ്. എനിക്ക് ഇഷ്ടമുള്ള വസ്ത്രം ഞാൻ ധരിക്കുന്നു. കോളേജിൽ പോയപ്പോൾ അവിടെയുള്ള കുട്ടികൾക്ക് നൽകാനുള്ള മെസേജും അതാണ്. BE YOURSELF” – അമലാ പോൾ വ്യക്തമാക്കി.
മുംബൈയിലെ ഡാൻസ് ബാറിന്റെ ഉദ്ഘാടനത്തിന് പോയത് പോലെയാണ് കോളേജിലേക്ക് അമലയെത്തിയതെന്നും ഈയിടെ നടിക്ക് ജനിച്ച മകൾക്ക് ഒമ്പതാം വയസ്സിൽ ഇടാൻ കണക്കുകൂട്ടി ആരോ ഗിഫ്റ്റ് കൊടുത്ത ഫ്രോക്കുമിട്ടാണ് വന്നിരിക്കുന്നതെന്നും അടക്കമുള്ള വിമർശനങ്ങളാണ് അമലയ്‌ക്കെതിരെ ഉയർന്നത്. സമൂഹമാദ്ധ്യമങ്ങളിൽ നടിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടു. ഇതിന് പിന്നാലെയാണ് നടി തന്റെ നിലപാട് വ്യക്തമാക്കിയത്.















