ഒട്ടാവ: കാനഡയെ ഖാലിസ്ഥാനി ഭീകരർ മലിനമാക്കിയെന്ന് ഇന്ത്യൻ വംശജനായ കനേഡിയൻ എംപി ചന്ദ്ര ആര്യ. രാജ്യത്ത് ലഭിക്കുന്ന സ്വാതന്ത്ര്യത്തെ ഖാലിസ്ഥാനികൾ ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. കാനഡയിലെ നേപ്പിയണിൽ നിന്നുള്ള എംപിയാണ് ഇന്ത്യൻ വംശജനായ ചന്ദ്ര ആര്യ. പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ലിബറൽ പാർട്ടി അംഗമാണ് അദ്ദേഹം.
In response to my condemnation of the vandalism of the Hindu temple BAPS Swaminarayan Mandir in Edmonton and other acts of hate and violence by Khalistan supporters in Canada, Gurpatwant Singh Pannun of Sikhs for Justice has released a video demanding me and my Hindu-Canadian… pic.twitter.com/vMhnN45rc1
— Chandra Arya (@AryaCanada) July 24, 2024
എഡ്മോന്റണിലുള്ള ഹിന്ദു ക്ഷേത്രം ഖാലിസ്ഥാൻ അനുകൂലികൾ തകർത്തതിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കാനഡയിൽ വർദ്ധിച്ചുവരുന്ന ഹിന്ദുഫോബിയയാണ് ബാപ്സ് സ്വാമിനാരായൺ മന്ദിർ തകർക്കപ്പെടാൻ കാരണമെന്ന് എംപി ചൂണ്ടിക്കാട്ടി. ആൽബെർട്ടാ സ്റ്റേറ്റിലെ എഡ്മോന്റണിൽ തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം നടന്നത്. ഇന്ത്യാ വിരുദ്ധ ചുവരെഴുത്തുകളോടെയായിരുന്നു ഖാലിസ്ഥാനികളുടെ ആക്രമണം. സംഭവത്തെ ചന്ദ്ര ആര്യ അപലപിച്ചതോടെ ഭീഷണിയുമായി ഖാലിസ്ഥാൻ ഭീകരർ ഗുർപത്വന്ത് സിംഗ് പന്നൂൻ രംഗത്ത് വന്നിരുന്നു.
ചന്ദ്ര ആര്യ അടക്കമുള്ള കനേഡിയൻ ഹിന്ദുക്കൾ ഇന്ത്യയിലേക്ക് മടങ്ങി പോകണമെന്നാണ് പന്നൂൻ ആവശ്യപ്പെട്ടത്. ഇതിന്റെ വീഡിയോ സന്ദേശം എക്സിലൂടെ പങ്കുവയ്‌ക്കുകയും ചെയ്തിരുന്നു. എന്നാൽ കാനഡയാണ് തങ്ങളുടെ ഭൂമിയെന്ന് ചന്ദ്ര ആര്യ മറുപടി നൽകുകയും ചെയ്തു.
“ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും ഹിന്ദുക്കൾ കാനഡയിലേക്ക് വന്നിട്ടുണ്ട്. ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിന്നും ആഫ്രിക്കയിലെയും കരീബിയനിലെയും രാജ്യങ്ങളിൽ നിന്നും അങ്ങനെ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ഞങ്ങൾ ഇവിടെയെത്തി, കാനഡയാണ് ഞങ്ങളുടെ നാട്.” ചന്ദ്ര ആര്യ വ്യക്തമാക്കി.
കാനഡയുടെ സാമൂഹിക-സാമ്പത്തിക പുരോഗതിക്കായി ക്രിയാത്മകമായ സംഭാവനകൾ നൽകിയിട്ടുള്ളവരാണ് കനേഡിയൻ ഹിന്ദുക്കൾ. ഹൈന്ദവ സംസ്‌കാരത്തിന്റെ നീണ്ട ചരിത്രത്താൽ കാനഡയെ സമ്പന്നമാക്കുകയാണ് തങ്ങൾ ചെയ്തിട്ടുള്ളത്. ഇപ്പോൾ തങ്ങളുടെ ഭൂമി ഖാലിസ്ഥാനി ഭീകരരാൽ മലിനമാക്കപ്പെട്ടിരിക്കുകയാണ്. കാനഡ നൽകുന്ന സ്വാതന്ത്ര്യത്തെ അവർ ദുരുപയോഗം ചെയ്തിരിക്കുന്നുവെന്നും ചന്ദ്ര ആര്യ പറഞ്ഞു.