കഴിഞ്ഞ ഒൻപത് ദിവസമായി കേരളത്തിന്റെയാകെ ആശങ്കകൾക്ക് ഇന്ന് ഉത്തരമായേക്കും. ലോറി കിടക്കുന്ന സ്ഥലത്തെ കുറിച്ച് വ്യക്തത ലഭിച്ച സാഹചര്യത്തിൽ പത്താം ദിവസമായ ഇന്ന് നിർണായകമാണ്. കരയിൽ നിന്ന് 20 മീറ്റർ മാറി 15 അടി താഴ്ചയിൽ അർജുൻ ഓടിച്ച ട്രക്കുണ്ടെന്നാണ് നിലവിൽ കണ്ടെത്തിയിരിക്കുന്നത്. ഇന്ന് രാവിലെ എട്ട് മണിയോടെ മണ്ണ് നീക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നാണ് വിവരം.
മണ്ണിടിച്ചിൽ സമയത്ത് അർജുൻ ലോറിയുടെ കാബിനുള്ളിൽ ഉറങ്ങുകയായിരുന്നുവെന്നാണ് നിലവിൽ കരുതുന്നത് ഇത് പ്രകാരം ലോറിക്കുള്ളിൽ അർജുൻ ഉണ്ടോയെന്നാകും ആദ്യം പരിശോധന. ഡൈവർമാരെ ഇറക്കി ക്യാബിനിൽ അർജുൻ ഉണ്ടോയെന്ന് കണ്ടെത്താൻ ശ്രമം നടത്തും. ഇതിന് ശേഷമാകും ട്രക്ക് പുറത്തെടുക്കാനുള്ള ശ്രമങ്ങൾ നടത്തുക. പുഴയിൽ നിന്ന് ലോറി പുറത്തെടുക്കാൻ ആവശ്യമായ ഉപകരണങ്ങളും മറ്റ് സജ്ജീകരണങ്ങളും സൈന്യം സ്ഥലത്തെത്തിച്ചു.
നാവികസേന സംഘവും മുങ്ങൽ വിദഗ്ധരും ട്രക്കിനടുത്തെത്താൻ ശ്രമിച്ചെങ്കിലും കനത്ത മഴയും പുഴയിലെ അടിയൊഴുക്കും തടസമാവുകയായിരുന്നു. ഡ്വാൻസ്ഡ് ഡ്രോൺ ബേസ്ഡ് ഇന്റലിജന്റ് അണ്ടർ ഗ്രൗണ്ട് ബറീഡ് ഒബ്ജക്ട് ഡിറ്റക്ടർ, ഫെറക്സ് ലൊക്കേറ്റർ തുടങ്ങിയവ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ട്രക്ക് കണ്ടെത്തിയത്. ലോറി ഉയർത്തുന്നതിനായി കൃത്യമായ ആക്ഷൻ പ്ലാനാണ് നാവികസേനയും കരസേനയും തയ്യാറാക്കിയിരിക്കുന്നത്.
റിട്ട. മേജർ ഇന്ദ്രബാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനകൾ നടത്തുക. മണ്ണ് നീക്കാനായി മറ്റൊരു ബൂം യന്ത്രം കൂടി ഇന്ന് എത്തും. മണ്ണ് നീക്കം ചെയ്യുന്നതിന് പിന്നാലെ കലങ്ങി മറിഞ്ഞ, ചെളി നിറഞ്ഞ പുഴയിലേക്ക് നാവികസേനയുടെ മുങ്ങൽ വിദഗ്ധർ നദിയിയുടെ അടിയിലേക്ക് പോകും. ചെളിയിൽ പുതഞ്ഞിരിക്കുന്ന വസ്തുക്കൾ എവിടെ, അവയുടെ സ്ഥാനം എവിടെ എന്ന് വ്യക്തമാക്കി തരുന്ന കരസേനയുടെ ഡ്രോൺ ബേസ്ഡ് ഇന്റലിജൻസ് സംവിധാനവും ഇന്ന് എത്തിച്ചേരും. സ്ഥലത്തേക്ക് സൈന്യമൊഴികെ മറ്റാർക്കും പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. മാദ്ധ്യമപ്രവർത്തകരെയും പ്രവേശിപ്പിക്കില്ല. ഉത്തര കന്നഡ ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.