തിരുവനന്തപുരം: ഐഎൻടിയുസി നേതാവായിരുന്ന അഞ്ചൽ രാമഭദ്രൻ വധക്കേസിന്റെ വിധി ഇന്ന്. സംഭവം നടന്ന് 14 വർഷത്തിന് ശേഷമാണ് തിരുവനന്തപുരം സിബിഐ കോടതി വിധി പറയുന്നത്. കൊല്ലത്തെ സിപിഎം പ്രവർത്തകർ പ്രതികളായ കേസിലാണ് ഇന്ന് വിധി വരുന്നത്.
2010ലാണ് രാമഭദ്രനെ സിപിഎം പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയത്. മകൾക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്ന രാമഭദ്രനെ വീട്ടിൽ അതിക്രമിച്ച് കയറിയ സിപിഎം പ്രവർത്തകർ മകളുടെ കൺമുന്നിൽ വച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. രാഷ്‌ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം.
ആദ്യം ലോക്കൽ പൊലീസും, ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ്, രാമഭദ്രന്റെ ഭാര്യ ഹൈക്കോടതിയെ സമീപിച്ചതോടെ സിബിഐയ്‌ക്ക് കൈമാറുകയായിരുന്നു. സംഭവത്തിൽ 19 പ്രതികൾക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതിൽ ഒരു പ്രതി മരിച്ചു.
മുൻ മന്ത്രി മേഴ്‌സികുട്ടിയുടെ പേഴ്‌സണൽ സ്റ്റഫ് അംഗമായ മാർക്‌സൺ, കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ ജയമോഹൻ, മുൻ അഞ്ചൽ ഏരിയ സെക്രട്ടറി പി.എസ്.സുമൻ, ജില്ലാ കമ്മിറ്റി അംഗം ബാബു പണിക്കർ എന്നിവരുൾപ്പെടെയാണ് പ്രതികൾ. കൊലപാതകം നടത്തിയവർക്ക് പുറമെ ഗൂഢാലോചന നടത്തിയതിലും സഹായങ്ങൾ നൽകിയതിനുമടക്കമാണ് മുഖ്യപ്രതികളുൾപ്പെടെയുള്ള 19 പേർക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചത്.















