ന്യൂഡൽഹി: റെയിൽവേ വികസന പദ്ധതികളുമായി കേരളം വേണ്ടത്ര സഹകരിക്കുന്നില്ലെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. റെയിൽവേയുടെ വികസനത്തിന് സംസ്ഥാന സർക്കാറിന്റെ സഹകരണം അനിവാര്യമാണ്. ഭൂമി ഏറ്റെടുക്കൽ അടക്കമുള്ള നടപടികളിൽ സഹകരിച്ചാൽ കൂടുതൽ പദ്ധതികൾ നടപ്പാക്കാൻ സാധിക്കുമെന്നും ലോക്സഭയിൽ ശബരി പാതയെ കുറിച്ചുള്ള അടൂർ പ്രകാശ് എംപിയുടെ ചോദ്യത്തിന് മറുപടിയായി അശ്വിനി വൈഷ്ണവ് പറഞ്ഞു.
യുപിഎ ഭരണകാലത്ത് പ്രതിവർഷം 372 കോടി രൂപയാണ് റെയിൽവേ പദ്ധതികൾക്കായി കേരളത്തിന് അനുവദിച്ചത്. എന്നാൽ 2023-24 വർഷത്തിൽ മാത്രം 2,033 കോടി രൂപ അനുവദിച്ചു. ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സംസ്ഥാന സർക്കാർ കാര്യക്ഷമമായി പ്രവർത്തിച്ചാൽ മാത്രമേ പദ്ധതി സമയബന്ധിതമായി നടപ്പാക്കാൻ കഴിയൂ.
കേരളത്തിലെ റെയിൽവേ വികസനത്തിന് 459 ഹെക്ടർ ഭൂമി ആവശ്യമാണ്. എന്നാൽ സർക്കാർ ഏറ്റെടുത്ത് നൽകിയത് വെറും 62 ഹെക്ടർ മാത്രമാണ്. ഭൂമി ഏറ്റെടുക്കലിന് മാത്രമായി ഇതിനകം 2125.61 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ആവശ്യത്തിന് ഭൂമി ലഭിച്ചാലേ വികസനം നടപ്പാകൂ. ട്രാക്കുകൾ ലഭിച്ചാൽ കൂടുതൽ ട്രെയിനുകൾ അനുവദിക്കും. ജനസാന്ദ്രതയുള്ള സംസ്ഥാനമായ കേരളത്തിൽ ട്രെയിൻ യാത്രക്കാരുടെ എണ്ണം കൂടുതലാണ്. അതുകൊണ്ട് കൂടുതൽ വികസനം ആവശ്യമാണ്, വികസനത്തിന് ഫണ്ട് തടസ്സമാകില്ലെന്നും അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.















