ഷിരൂർ: പ്രതികൂല കാലാവസ്ഥ വകവയ്‌ക്കാതെ അർജുനെ തേടി മുങ്ങൽ വിദഗ്ധർ പുഴയിലേക്ക്. മൂന്ന് ഡിങ്കി ബോട്ടുകളിലായി 15 അംഗ ഉദ്യോഗസ്ഥരാണ് പുഴയിൽ അർജുന്റെ ട്രക്ക് വീണെന്ന കരുതുന്ന ഭാഗത്തേക്ക് തിരച്ചിലിനായി ഇറങ്ങിയത്. ഗംഗാവലി നദിയിലെ ശക്തമായ അടിയൊഴുക്ക് കുറയുന്നതിനനുസരിച്ച് നാവികസേന അടിത്തട്ടിൽ മുങ്ങി ട്രക്ക് കണ്ടെത്തും. ക്യാബിനിൽ അർജുനുണ്ടോയെന്ന് ഉറപ്പു വരുത്തിയതിന് ശേഷമായിരിക്കും ലോറി പുറത്തെടുക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുക.
കനത്ത മഴയ്‌ക്ക് ശമനം വന്നതോടെ ഉത്തര കന്നഡയിൽ ഓറഞ്ച് അലർട്ട് മാറ്റി യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു വശത്ത് ലോങ് ബൂം എക്‌സവേറ്റർ ഉപയോഗിച്ച് പുഴയിൽ നിന്നും ചെളിയും കല്ലും നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.
പുഴയിലേക്കിറങ്ങാനായി നാവികസേന രാവിലെ തന്നെ തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. എന്നാൽ പ്രതികൂല കാലാവസ്ഥ കാരണം പുഴയിലേക്കിറങ്ങുന്നതിൽ കാലതാമസം നേരിടുകയായിരുന്നു. നിലവിൽ ഉദ്യോഗസ്ഥർ ഗംഗാവലി പുഴയിലെ അടിയൊഴുക്ക് പരിശോധിക്കുകയാണ്. മറ്റ് നടപടികൾ പൂർത്തിയാക്കുന്നതിനനുസരിച്ച് റിട്ട. മേജർ ജനറൽ ഇന്ദ്രബാലന്റെ നേതൃത്വത്തിൽ ഐ ബോർഡ് സംവിധാനമുള്ള ഡ്രോൺ പരിശോധനയും നടത്തും.
അർജുനായുള്ള തെരച്ചിൽ 10 ദിവസങ്ങളിലായി തുടരുകയാണ്. ഇന്നലെയാണ് പുഴയിൽ രൂപപ്പെട്ട മണ്ണുമലയിൽ അർജുന്റെ ട്രക്കുണ്ടെന്ന് കാർവാർ എസ്പിയും റവന്യൂ വകുപ്പ് മന്ത്രിയുമുൾപ്പടെയുള്ളവർ സ്ഥിരീകരിച്ചത്. ട്രക്കുണ്ടെന്ന് കരുതുന്ന സ്ഥലത്ത് നാവികസേന മുങ്ങി പരിശോധന നടത്തുമെന്നും അർജുൻ ട്രക്കിലുണ്ടോയെന്ന് സ്ഥിരീകരിക്കേണ്ടതുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.