മലപ്പുറം: കൊണ്ടോട്ടി പുളിക്കൽ അരൂർ എ എം യുപി സ്‌കൂളിൽ മഞ്ഞപ്പിത്തം പടരുന്നതിനെ തുടർന്ന് സ്‌കൂൾ അടച്ചു. 27-ാം തീയതി വരെ സ്‌കൂൾ അടച്ചിടാനാണ് തീരുമാനം. 20ലധികം വിദ്യാർത്ഥികൾക്കാണ് മഞ്ഞപ്പിത്തം ബാധിച്ചത്.
കരടുകണ്ടം, പുതിയോടത്ത് പറമ്പ്, അരൂർ മേഖലകളിലെ കുട്ടികൾക്കാണ് മഞ്ഞപ്പിത്തം ബാധിച്ചത്. പ്രദേശത്ത് പരിശോധന നടത്തി വരികയാണെന്ന് ആരോഗ്യപ്രവർത്തകർ അറിയിച്ചു.
പുളിക്കൽ പഞ്ചായത്തിൽ മഞ്ഞപ്പിത്തം പടർന്നുപിടിക്കുന്നതിനെ തുടർന്ന് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. രോഗ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടനടി ചികിത്സ തേടണമെന്നും അധികൃതർ നിർദേശം നൽകി. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 102 പേർക്ക് ഇതുവരെ മഞ്ഞപ്പിത്തം ബാധിച്ചിട്ടുണ്ടെന്ന് ആരോഗ്യപ്രവർത്തകർ പറഞ്ഞു.