ചെന്നൈ: രാജ്യത്തിന് പുതുതായി അഞ്ച് വന്ദേ ഭാരത് കൂടി ഉടൻ. ഇൻ്റഗ്രേറ്റഡ് കോച്ച് ഫാക്ടറിയിൽ (ഐസിഎഫ്) ഇതിന്റെ നിർമാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണെന്ന് അധികൃതർ അറിയിച്ചു. 16 കോച്ചുകളുള്ള ഓറഞ്ച് നിറത്തിലുള്ള ട്രെയിനാകും പുതുതായി ട്രാക്കിലിറങ്ങുക.
ഇവയുടെ റൂട്ടുകൾ റെയിൽവേ ബോർഡ് തീരുമാനിക്കുമെന്ന് ഐസിഎഫ് ഉദ്യോഗസ്ഥൻ പറഞ്ഞു. 2018 മുതൽ ഐസിഎഫ് ചെന്നൈ 70 വന്ദേ ഭാരത് റേക്കുകൾ നിർമ്മിച്ചു. 500-ലധികം ഡിസൈനുകളിലായി 75,000 റെയിൽ കോച്ചുകളാണ് ഐസിഎഫ് ഇതുവരെ നിർമാണം പൂർത്തിയാക്കിയത്. നടപ്പ് സാമ്പത്തിക വർഷത്തിൽ 1,536 എച്ച്എൽബി കോച്ചുകളും 650-ലധികം വന്ദേ ഭാരത് കോച്ചുകളും ഉൾപ്പടെ 3,515 റെയിൽ കോച്ചുകൾ നിർമിക്കാനാണ് ഐസിഎഫ് പദ്ധതിയിടുന്നത്.
നിലവിൽ രാജ്യത്ത് സർവീസ് നടത്തുന്ന വന്ദേ ഭാരതുകൾ രണ്ട് തരമാണ്. എട്ട് കോച്ചുകളുള്ള റേക്ക് ഉപയോഗിച്ചുള്ളതും, 16 കോച്ചുകളുള്ള റേക്ക് ഉപയോഗിച്ചുള്ളതും. ഇതിന് പുറമേ 20 കോച്ചുകളും 24 കോച്ചുകളുമുള്ള വന്ദേ ഭാരത് ട്രെയിനുകൾ പുറത്തിറക്കുമെന്നും ഉദ്യോഗസ്ഥൻ സൂചിപ്പിച്ചു. വന്ദേ ഭാരത് മെട്രോയുടെ പരീക്ഷണയോട്ടവും നടത്തിയിട്ടുണ്ട്.