ബോളിവുഡ് താരം ജാൻവി കപൂറിന് ഭക്ഷ്യവിഷബാധയേറ്റ വാർത്തയായിരുന്നു അടുത്തിടെ സമൂഹമാദ്ധ്യമങ്ങളിൽ നിറഞ്ഞുനിന്നിരുന്നത്. ആശുപത്രിയിൽ നിന്ന് അടുത്തിടയാണ് താരം ഡിസ്ചാർജായി എത്തിയത്. ഭക്ഷ്യബാധയേറ്റപ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് പോലും മനസിലാക്കാൻ കഴിയാത്ത അവസ്ഥയിലൂടെയായിരുന്നു താൻ കടന്നു പോയതെന്ന് ജാൻവി കപൂർ പറയുന്നു.
” മിസ്റ്റർ ആൻഡ് മിസിസ് മഹി എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ ഒരു യാത്രയിലാണ് എനിക്ക് ഭക്ഷ്യവിഷബാധയേറ്റത്. ഫ്‌ളൈറ്റിൽ കയറുന്നതിന് തൊട്ടുമുന്നേ ശരീരം ആകെ തളരുകയായിരുന്നു. റെസ്റ്റ് റൂമിലേക്ക് പോലും നടക്കാൻ സാധിക്കാത്ത അവസ്ഥ. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാൻ സാധിക്കാതെ അൽപനേരം ഞാൻ പകച്ച് നിന്നു. സംസാരിക്കാനോ ഭക്ഷണം കഴിക്കാനോ, നടക്കാനോ സാധിച്ചിരുന്നില്ല. എന്റെ ആരോഗ്യസ്ഥിതി മോശമാവുന്നത് കണ്ട ഡോക്ടർമാരും ഭയന്നിരുന്നു.”- ജാൻവി കപൂർ പറഞ്ഞു.
ഭക്ഷ്യവിഷബാധയേറ്റെങ്കിലും തിരക്കുകളിൽ നിന്ന് കുറച്ച് ദിവസം മാറി നിൽക്കാൻ സാധിച്ചു. ഈ വിശ്രമം തനിക്ക് ഇപ്പോൾ ആവശ്യമുണ്ടെന്ന് തോന്നുന്നുവെന്നും ജാൻവി പറഞ്ഞു. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയി എത്തിയതിന് ശേഷം ഇൻസ്റ്റഗ്രാമിൽ ജാൻവിയിട്ട ഒരു ഡാൻസും വൈറലായിരുന്നു.