മഴ കനത്തതോടെ പുഴുക്കളുടെയും പാറ്റകളുടെയും ശല്യം വർദ്ധിച്ചു വരുന്നത് ഇപ്പോൾ പതിവ് കാഴ്ചയാണ്. ഭിത്തികളിലൂടെയും മതിലുകളിലൂടെയും അരിച്ചിറങ്ങി വരുന്ന പുഴുക്കൾ മിക്ക വീട്ടുകാർക്കും ഉപദ്രവമായിരിക്കും. എന്നാൽ തെക്കേ അമേരിക്കയിലെ ടെക്‌സസിൽ വിഷപ്പുഴുക്കളെകൊണ്ടാണ് ആളുകൾ വലഞ്ഞിരിക്കുന്നത്.
കനത്ത മഴയെ തുടർന്ന് പ്രദേശത്ത് വിഷപ്പുഴുക്കളുടെ സാന്നിധ്യം വളരെയധികം കൂടി വരികയാണെന്ന് അധികൃതർ പറയുന്നു. ‘ഹാമർഹെഡ് ഫ്‌ളാറ്റ്‌വേം’ എന്നാണ് ഈ പുഴുക്കൾ അറിയപ്പെടുന്നത്. ഇവ ആക്രമണകാരികളായ പുഴുക്കളാണെന്നും ഇവയുടെ വിഷാംശം ദേഹത്തായാൽ മനുഷ്യർക്കും മൃഗങ്ങൾക്കും ഒരുപോലെ ദോഷകരമാണെന്നും ആരോഗ്യവിദഗ്ധർ പറയുന്നു.
നടപ്പാതകളിലും, പൂന്തോട്ടങ്ങളിലും, റോഡുകളിലും ഇവയുടെ ശല്യം വർദ്ധിച്ചു വരികയാണ്. രണ്ടായി മുറിച്ചാലും ഇവ രണ്ട് പുഴുക്കളായി മാറുകയാണ് ചെയ്യുന്നത്. മീനുകളുടെ വാലുപോലെ പരന്ന തലയും കൂർത്ത അഗ്രഭാഗങ്ങളുമാണ് ഈ പുഴുക്കൾക്കുള്ളത്. 15 ഇഞ്ച് വരെ ഈ പുഴുക്കൾ നീളം വയ്‌ക്കാറുണ്ട്. പലപ്പോഴും ഇവയെ കാണുമ്പോൾ പാമ്പുകളാണെന്ന് തെറ്റിദ്ധരിച്ച് ആളുകൾ ഭയപ്പെടാറുണ്ടെന്നും ഗവേഷകർ പറയുന്നു.
വിഷപ്പുഴുക്കളെ അടിച്ചോ, മുറിച്ചോ ഇല്ലാതാക്കാൻ സാധിക്കാത്തതിനാൽ ഉപ്പുപയോഗിക്കുന്നതാണ് ഉത്തമ മാർഗമെന്നാണ് ഗവേഷകർ പറയുന്നത്. ഉപ്പ്, വിനാഗിരി തുടങ്ങിയവ ഇവയുടെ ദേഹത്തേക്ക് വിതറുമ്പോൾ പുഴുക്കൾ പെട്ടന്ന് ചത്ത് പോകുന്നു. ഇത്തരത്തിൽ ചത്ത പുഴുക്കളേയും കൈകൾ കൊണ്ട് സ്പർശിക്കരുതെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. കയ്യുറകളും മറ്റും ഉപയോഗിച്ച് വേണം ഇവയെ നീക്കം ചെയ്യാൻ. പുഴുക്കളുടെ സ്രവം ദേഹത്ത് പുരണ്ടാൽ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകണമെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു. ചൊറിച്ചിൽ, വീക്കം, ചിലപ്പോൾ അബോധാവസ്ഥയിലേക്കെത്തിക്കാൻ വരെ കെൽപ്പുള്ള വിഷപ്പുഴുക്കളാണിവയെന്നാണ് ഗവേഷകർ പറയുന്നത്.















