ബെംഗളൂരു: ഐബോഡ് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഡ്രോൺ പരിശോധനയിൽ നിർണായക വിവരം. മൂന്നാം ഘട്ട ഡ്രോൺ പരിശോധനയിൽ വെള്ളത്തിന് അടിയിലുള്ളത് അർജുന്റെ ലോറിയാണെന്ന് സ്ഥിരീകരിച്ചു. ഐബോഡ് പരിശോധനയിൽ മൂന്ന് ലോഹഭാഗങ്ങളാണ് വ്യക്തമായത്. ഇതിൽ ലോറിയുടെ ക്യാബിൻ ഏതെന്ന് തിരിച്ചറിയാനായിട്ടില്ല. ഇത് കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്.
പൂനെ മിലിട്ടറി കോളേജ് ഓഫ് എൻജിനീയറിംഗ് സംഘത്തിലെ വിദഗ്ദർ കണ്ടെത്തിയ ലോഹസാന്നിധ്യമുള്ള മൂന്ന് പോയിന്റുകളിൽ ഒരെണ്ണത്തിൽ നിന്ന് ശക്തമായ സിഗ്‌നലാണ് ലഭിച്ചത്. ഈ പോയിന്റിൽ ട്രക്ക് എങ്ങനെയാണ് കിടക്കുന്നത് എന്ന് കണ്ടെത്താനാവുമോയെന്നാണ് പരിശോധിക്കുന്നത്.
ഡ്രോൺ പരിശോധനയിൽ മനുഷ്യസാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞേക്കില്ലെന്ന് നാവികസേന ഉദ്യോഗസ്ഥർ വ്യക്തമാക്കി. മനുഷ്യസാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ ദൗത്യം വീണ്ടും നീളും. ട്രക്ക് കണ്ടെത്താൻ പുഴയിൽ രാവിലെ പരിശോധന നടത്തിയെങ്കിലും ശക്തമായ അടിയൊഴുക്ക് കാരണം നാവിക സേനയുടെ മുങ്ങൽ വിദഗ്ധർ വെള്ളത്തിലേയ്‌ക്ക് ഇറങ്ങിയില്ല. ഈ സാഹചര്യത്തിൽ ഇന്ന് സംഘം ഗംഗാവലി പുഴയിൽ ഡൈവിംഗ് നടത്തില്ലെന്നാണ് വിവരം.
അർജുന്റെ ലോറിയിലുണ്ടായ തടി കണ്ടെത്തിയതായി രാവിലെ ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചിരുന്നു. പി-1 എ് മാർക്ക് ചെയ്ത തടികഷ്ണങ്ങളാണ് കണ്ടെത്തിയത്. എന്നാൽ ഭരണകൂടം ഇതുവരെയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ദൗത്യസംഘം വൈകിട്ട് 6 മണിക്ക് മാദ്ധ്യമങ്ങളെ കാണുമെന്ന് കാർവാർ എംഎൽഎ അറിയിച്ചു.