തിരുവനന്തപുരം: കേന്ദ്ര ബജറ്റിന് പിന്നാലെ പ്രതിപക്ഷ പാർട്ടികളുടെ വിമർശനങ്ങൾക്ക് മറുപടിയുമായി ബിജെപി നേതാവ് പദ്മജാ വേണുഗോപാൽ. ബജറ്റില്‍ കേരളത്തിന് പരിഗണന ലഭിച്ചില്ല എന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആക്ഷേപം തികച്ചും അടിസ്ഥാനരഹിതമാണെന്ന് പദ്മജ ഫെയ്സ്ബുക്കിൽ കുറിച്ചു.
സംസ്ഥാനത്ത് ഇന്ന് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ദേശീയപാത വികസനം, ഗെയ്ല്‍ പൈപ്പ് ലൈന്‍ പദ്ധതി, വിഴിഞ്ഞം തുറമുഖം എന്നീ കേന്ദ്ര സർക്കാർ പദ്ധതികൾ ഓർക്കാതെയാണ് പ്രതിപക്ഷം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും എല്ലാ സംസ്ഥാനങ്ങള്‍ക്കും അര്‍ഹമായ പരിഗണന ബജറ്റില്‍ ഉണ്ടെന്നും പദ്മജ ഫെയ്സ്ബുക്കിൽ കുറിച്ചു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
‘കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബജറ്റില്‍ കേരളത്തിന് പരിഗണന ലഭിച്ചില്ല എന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആക്ഷേപം തികച്ചും അടിസ്ഥാന രഹിതമാണ്. ഇപ്പോള്‍ സംസ്ഥാനത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ദേശീയപാത വികസനം, ഗെയ്ല്‍ പൈപ്പ് ലൈന്‍ പദ്ധതി, വിഴിഞ്ഞം തുറമുഖം തുടങ്ങിയവയിലെല്ലാം കേന്ദ്ര സര്‍ക്കാര്‍ നല്‍കിക്കൊണ്ടിരിക്കുന്ന സഹായത്തെ വിസ്മരിച്ചുകൊണ്ടാണ് ഈ ആരോപണം ബിജെപി വിരുദ്ധര്‍ ഉന്നയിക്കുന്നത്.
എല്ലാ സംസ്ഥാനങ്ങള്‍ക്കും അര്‍ഹമായ പരിഗണന ബജറ്റില്‍ ഉണ്ടെന്ന് കേന്ദ്ര ധനകാര്യ മന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തില്‍ എയിംസ് കൊണ്ടുവരും എന്നത് ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമാണ്. അത് തീര്‍ച്ചയായും നടപ്പിലാക്കിയിരിക്കും. ബജറ്റില്‍ പറയുമ്പോള്‍ മാത്രമല്ല, പദ്ധതികള്‍ യാഥാര്‍ത്ഥ്യമാകുന്നത്. മുമ്പ് ഭരിച്ച യുപിഎ മന്ത്രിസഭയില്‍ കേരളത്തില്‍ നിന്ന് ആറ് കേന്ദ്രമന്ത്രിമാര്‍ ഉണ്ടായിരുന്നു. അവര്‍ ഈ നാടിന് എന്തുചെയ്തു എന്നും ചോദിക്കാതെ ബിജെപിയെ കുറ്റം പറയുന്നതില്‍ ആനന്ദം കണ്ടെത്തുന്നവരോട് ഒന്നും പറയാനില്ല.
ഒരു കാര്യം തീര്‍ച്ചയാണ് കേരളത്തില്‍ ബിജെപിക്ക് ലഭിച്ച അംഗീകാരത്തിന് പകരമായി എയിംസ് സമീപ ഭാവിയില്‍ തന്നെ കേരളത്തില്‍ വന്നിരിക്കും. ബജറ്റ് ചര്‍ച്ച പൂര്‍ത്തിയാവുമ്പോള്‍ കേരളത്തിന് പരിഗണന കിട്ടി എന്ന കാര്യം എല്ലാവര്‍ക്കും ബോധ്യമാകുകയും ചെയ്യും’- പദ്മജ ഫെയ്സ്ബുക്കിൽ കുറിച്ചു.















