ന്യൂഡൽഹി: ഡിജിറ്റൽ അറസ്റ്റിലാണെന്ന് യുവതിയെ വിശ്വസിപ്പിച്ച് ഓൺലൈൻ തട്ടിപ്പ് സംഘം കൈക്കലാക്കിയത് 59 ലക്ഷം രൂപ. നോയിഡ സ്വദേശിനിയായ വനിതാ ഡോക്ടറാണ് തട്ടിപ്പിനിരയായത്. 48 മണിക്കൂർ ഡിജിറ്റൽ അറസ്റ്റിലാണെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് സംഘം യുവതിയെ കബളിപ്പിച്ചത്. ആളുകളെ കബളിപ്പിച്ച് പണം തട്ടാനുള്ള പുതിയ മാർഗമായി ‘ഡിജിറ്റൽ അറസ്റ്റ്’ തന്ത്രം തട്ടിപ്പുകാർ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.
ജൂലൈ 13 നാണ് സംഭവം. നോയിഡ സെക്ടർ 77-ൽ താമസിക്കുന്ന ഡോ. പൂജ ഗോയലിന് ഒരു ഫോൺ കോൾ ലഭിച്ചു. ടെലിഫോൺ റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥനാണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് യുവതിയോട് സംസാരിച്ചത്. പൂജയുടെ ഫോൺ അശ്ലീല വീഡിയോകൾ പ്രചരിപ്പിക്കാനായി ഉപയോഗിക്കുന്നുണ്ടെന്ന് ഇയാൾ ആരോപിച്ചു.
എന്നാൽ യുവതി ഇത് നിഷേധിച്ചു. പൂജയെ 48 മണിക്കൂർ സമയത്തേക്ക് ഡിജിറ്റൽ അറസ്റ്റ് ചെയ്തിരിക്കുകയാണെന്നും ഇയാൾ അറിയിച്ചു. ഉടൻ തന്നെ വരുന്ന ഒരു വീഡിയോ കോളിൽ ചേരണമെന്നും അല്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും ഇയാൾ യുവതിയെ ഭീഷണിപ്പെടുത്തി. പിന്നീട് ഇവർ ആവശ്യപ്പെട്ടത് പ്രകാരം യുവതി 59 ലക്ഷത്തിലധികം രൂപ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റി. എന്നാൽ താൻ കബളിപ്പിക്കപ്പെടുകയായിരുന്നെന്ന് മനസിലാക്കിയ യുവതി ജൂലൈ 22 ന് നോയിഡ പൊലീസിന്റെ സൈബർ ക്രൈം സെല്ലിൽ പരാതി നൽകിയതോടെയാണ് തട്ടിപ്പ് പുറത്തറിഞ്ഞത്.















