ന്യൂഡൽഹി: കാനേഡിയൻ മണ്ണിൽ പ്രവർത്തിക്കുന്ന ഇന്ത്യ വിരുദ്ധ ശക്തികൾക്കെതിരെ കാനഡ നടപടിയെടുക്കണമെന്ന് ആവർത്തിച്ച് ഇന്ത്യ. സ്വന്തം രാജ്യത്തിന്റെയും ഇന്ത്യയുടേയും കാര്യങ്ങളിൽ ജസ്റ്റിൻ ട്രൂഡോ സർക്കാർ സ്വീകരിക്കുന്ന ഇരട്ടത്താപ്പ് അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ പറഞ്ഞു.
പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ വധിക്കുമെന്ന് സോഷ്യൽ മീഡിയയിൽ ഭീഷണിപ്പെടുത്തിയതിന് കാനഡ രണ്ട് പേർക്കെതിരെ കേസെടുത്തിരുന്നു. എന്നാൽ ഇന്ത്യൻ നേതാക്കളെയും നയതന്ത്രജ്ഞരെയും ഭീഷണിപ്പെടുത്തുന്നവർക്കെതിരെ അത്തരം നടപടികൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാളിന്റെ പ്രതികരണം
“നിയമവാഴ്ചയും ആവിഷ്‌കാര സ്വാതന്ത്ര്യവും അളക്കുന്നതിനോ നടപ്പിലാക്കുന്നതിനോ ഒരു ജനാധിപത്യം വ്യത്യസ്ത അളവുകോലുകൾ സ്വീകരിക്കുന്നത് അതിന്റെ ഇരട്ടത്താപ്പാണ് തുറന്നുകാട്ടുന്നത്,” ജയ്‌സ്വാൾ പറഞ്ഞു.
ഇന്ത്യൻ നേതാക്കൾ, സ്ഥാപനങ്ങൾ, വിമാനക്കമ്പനികൾ, നയതന്ത്ര പ്രതിനിധികൾ എന്നിവരെ ആവർത്തിച്ച് ഭീഷണിപ്പെടുത്തുന്ന ഇന്ത്യാ വിരുദ്ധ ഘടകങ്ങൾക്കെതിരെ കാനഡ സമാനമായ നടപടിയെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജയ്‌സ്വാൾ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഖാലിസ്ഥാൻ ഭീകരർക്ക് ഇന്ത്യാ വിരുദ്ധ നീക്കങ്ങൾക്ക് ഒത്താശ ചെയ്തു കൊടുക്കുന്ന കാനഡയുടെ നടപടിക്കെതിരെ ഇന്ത്യ ശക്തമായ വിമർശനമാണ് ഉയർത്തിയിരുന്നത്.