എലിയിൽ നിന്ന് പകരുന്ന അപൂർവ രോഗം ബാധിച്ച് നാലുപേർ മരണമടഞ്ഞ സംഭവത്തിൽ അമേരിക്കയിലെ അരിസോണയിൽ ആരോഗ്യ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. ഹാന്റ വൈറസ് ബാധയിൽ അരിസോണ ആരോഗ്യവകുപ്പ് ജനുവരി മുതൽ ജൂലായ് വരെ ഏഴു കേസുകളാണ് റിപ്പോർട്ട് ചെയ്തത്. രണ്ടുകേസുകൾ കാലിഫോർണിയയിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. റോഡന്റുകളായ എലിയിൽ നിന്നാണ് വൈറസുകൾ മനുഷ്യരിലേക്ക് പകരുന്നത്. Hantavirus Pulmonary Syndrome (HPS) ന് കാരണമാകുന്നു.
ഇവയുമായുള്ള സമ്പർക്കം വഴിയും അവയുടെ ഉമിനീര്, മൂത്രം, കാഷ്ഠം എന്നിവ വഴിയുമാണ് രോഗ പകർച്ചയുണ്ടാകുന്നത്. ഇവയിലെതിലെങ്കിലും സ്പർശിച്ച ശേഷം കൈകൾ മൂക്കിലോ വായിലോ തൊടുമ്പോഴും അവയുടെ സ്രവം വീണ ഭക്ഷണം കഴിക്കുന്നതു വഴിയും വൈറസുകൾ ശരീരത്തിൽ പ്രവേശിക്കും. അപൂർവമായി ഈ വൈറസ് ബാധയുള്ള ജീവികളുടെ കടിയേറ്റാലും രോഗം പകരാം.
കലശലായ പനി, കഠിനമായ പേശിവേദന, തലവേദന, തലകറക്കം, വയറുവേദന,ഛർദ്ദിൽ,കാഴചൽ മങ്ങൽ എന്നിവയും വൈകിയ ലക്ഷണങ്ങളിൽ ചുമയും ശ്വാസ തടസവും കണ്ടുവരുന്നു. ഒന്നുമുതൽ-എട്ടാഴ്ചയ്‌ക്ക് ശേഷമാകും ലക്ഷണങ്ങൾ കാണുക. രോഗം മൂർച്ഛിക്കുന്ന അവസരത്തിൽ രക്തക്കുഴലുകൾ പൊട്ടുന്നതിലേക്കും രക്തസ്രാവത്തിലേക്കും വഴി തെളിക്കും. വ്യക്ക തകരാറിലാവുന്ന സ്ഥിതിവിശേഷവുമുണ്ടാകും. 38ശതമാനമാണ് മരണനിരക്ക്.
ഹാന്റ വൈറസ് ബാധിക്കുന്നവർക്ക് പ്രത്യേക ചികിത്സയോ മരുന്നുകളോ, വാക്സിനുകളോ ഇല്ല. രോഗം നേരത്തെ നിർണയിക്കാനായാൽ ഐസിയു, വെൻ്റിലേറ്റർ സൗകര്യങ്ങളോടെ ചികിത്സ ലഭ്യമാക്കിയാൽ രോഗി രക്ഷപ്പെടാൻ ചാൻസുകളുണ്ട്. ആഴ്ചകളോ മാസങ്ങളോ എടുത്തേക്കാം. ഓക്സിജൻ തെറാപ്പിയും ഗുണം ചെയ്യുമെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു.