ന്യൂഡൽഹി: വിദേശ സഹകരണ സെക്രട്ടറിയായി കെ വാസുകി ഐഎഎസിനെ നിയമിച്ച കേരള സർക്കാരിന്റെ നടപടിയെ വിമർശിച്ച് കേന്ദ്രം. വിദേശകാര്യ വകുപ്പ് കേന്ദ്രത്തിന്റെ മാത്രം അധികാര വിഷയമാണെന്നും ഭരണഘടനാ അധികാര പരിധിക്കപ്പുറത്തേക്ക് സംസ്ഥാനങ്ങൾ കടന്നുകയറരുതെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
വിദേശ കാര്യങ്ങളോ ഏതെങ്കിലും വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട രാജ്യത്തിന്റെ വിഷയങ്ങളോ എല്ലാം തന്നെ കേന്ദ്രത്തിന്റെ മാത്രം അധികാര പരിധിക്ക് കീഴിൽ വരുന്നവയാണെന്ന് ഭരണഘടനയിൽ വ്യക്തമാക്കുന്നുണ്ട്. വിദേശകാര്യം കൺകറൻറ് ലിസ്റ്റിലോ സംസ്ഥാന ലിസ്റ്റിലോ വരുന്നതല്ല. അതുകൊണ്ട്തന്നെ ഭരണഘടനാ പരിധിക്കപ്പുറത്തേക്ക് വരുന്ന കാര്യങ്ങളിൽ സംസ്ഥാനങ്ങൾ ഇടപെടരുത് എന്നാണ് കേന്ദ്രത്തിന്റെ നിലപാടെന്ന് വിദേശ കാര്യ വക്താവ് വ്യക്തമാക്കി.
ജൂലൈ 15 നാണ് തൊഴിൽ നൈപുണ്യ വകുപ്പ് സെക്രട്ടറിയായ കെ വാസുകിക്ക് വിദേശ സഹകരണവുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ അധിക ചുമതല കൂടി നൽകിക്കൊണ്ട് കേരള സർക്കാർ ഉത്തരവിറക്കിയത്. കേരള ബിജെപി ഘടകം ഇതിനെതിരെ ശക്തമായ വിമർശനമുന്നയിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടി ഭരണഘടനയുടെ നഗ്‌നമായ ലംഘനമാണെന്ന് സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ വ്യക്തമാക്കിയിരുന്നു.