ന്യൂഡൽഹി: കാർഗിൽ വിജയ് ദിവസിന്റെ 25-ാം വാർഷികമായ നാളെ യുദ്ധ സ്മാരകത്തിൽ പുഷ്പാഞ്ജലി അർപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ലഡാക്കിലെത്തും. സൈനികർക്ക് സ്മരണാഞ്ജലി അർപ്പിച്ച ശേഷം ലഡാക്കിലെ ഷിൻകുർ ലാ ടണൽ പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും.
4.1 കിലോമീറ്റർ നീളമുള്ള ഷിൻകുർ ലാ തുരങ്കം 15, 800 അടി ഉയരത്തിലാണ് നിർമിക്കുന്നത്. ഇത് യാഥാർത്ഥ്യമാകുന്നതോടെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ തുരങ്കമായി ഷിൻകുർ ലാ മാറും. അത്യാധുനിക സാങ്കേതിക വിദ്യകളോടെയാണ് തുരങ്കം നിർമിക്കുന്നത്. സൂപ്പർവൈസറി കൺട്രോൾ ആൻഡ് ഡാറ്റ അക്വിസിഷൻ സിസ്റ്റംസ്, മെക്കാനിക്കൽ വെൻ്റിലേഷൻ സിസ്റ്റം, ഫയർ ഫൈറ്റിംഗ് സിസ്റ്റംസ്, കമ്മ്യൂണിക്കേഷൻ സിസ്റ്റം എന്നിവയാണ് തുരങ്കത്തിന്റെ പ്രധാന സവിശേഷങ്ങൾ.
സായുധ സേനകളുടെ യുദ്ധോപകരണങ്ങളും മറ്റും വേഗത്തിൽ കൈമാറ്റം ചെയ്യുന്നതിനും സേനകളുടെ കാര്യക്ഷമമായ പ്രവർത്തനങ്ങൾക്കും തുരങ്കം സഹായകമാകുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. കൂടാതെ ലഡാക്കിലെ സാമ്പത്തികവും സാമൂഹികവുമായ വികസനത്തിനും ഷിൻകുർ ലാ തുരങ്കം സുപ്രധാന പങ്കുവഹിക്കും. ഇത് ഹിമാചൽപ്രദേശിലെ ലാഹൗൾ താഴ്‌വരയെ ലഡാക്കിലെ സൺസ്‌കർ താഴ്‌വരയുമായി ബന്ധിപ്പിക്കുന്നു.
കാർഗിൽ മലനിരകളിൽ പാകിസ്താനെതിരെ ഇന്ത്യ നേടിയ ഐതിഹാസിക വിജയത്തെയാണ് കാർഗിൽ വിജയ് ദിവസായി രാജ്യം ആഘോഷിക്കുന്നത്. പാക് സൈനികരുമായി നടന്ന യുദ്ധത്തിൽ 527 ഇന്ത്യൻ സൈനികരാണ് വീരമൃത്യു വരിച്ചത്. രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച ധീര ജവാന്മാരെ ആദരിക്കുന്ന ദിവസം കൂടിയാണ് കാർഗിൽ വിജയ് ദിവസ്.















