ചെന്നൈ: അനാശാസ്യകേന്ദ്രം നടത്താൻ സംരക്ഷണം ആവശ്യപ്പെട്ട് അഭിഭാഷകൻ സമർപ്പിച്ച ഹർജിയിൽ ഞെട്ടൽ രേഖപ്പെടുത്തി മദ്രാസ് ഹൈക്കോടതി. തന്റെ നടപടികളെ ന്യായീകരിച്ചതിന് ഹർജിക്കാരനോട് ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ച കോടതി അംഗീകൃത നിയമ സർവകലാശാലകളിൽ നിന്നുള്ള ബിരുദധാരികളെ മാത്രമേ അഭിഭാഷകരായി നിയമിക്കാൻ പാടുള്ളുവെന്ന് ബാർ കൗൺസിലിനോട് ആവശ്യപ്പെടുകയും ചെയ്തു
തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലാണ് അനാശാസ്യകേന്ദ്രം നടത്താൻ സംരക്ഷണം ആവശ്യപ്പെട്ട് അഭിഭാഷകൻ ഹർജി നൽകിയത്. ഇതിന്റെപേരിൽ തനിക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്നും ഇയാൾ ആവശ്യപ്പെട്ടു.
ഹർജിയിൽ ഞെട്ടൽ രേഖപ്പെടുത്തിയ കോടതി അഭിഭാഷകനായ മുരുഗന്റെ നിയമ വിദ്യാഭ്യാസവും ബാർ അസോസിയേഷൻ അംഗത്വവും പരിശോധിക്കാൻ എൻറോൾമെൻ്റ് സർട്ടിഫിക്കറ്റും നിയമ ബിരുദവും ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടു.
“സമൂഹത്തിൽ അഭിഭാഷകരുടെ പ്രതിച്ഛായക്ക് മങ്ങലേറ്റുകൊണ്ടിരിക്കുകയാണെന്ന് ബാർ കൗൺസിൽ തിരിച്ചറിയേണ്ട സമയമാണിത്. ഇനിയെങ്കിലും ബാർ കൗൺസിൽ അംഗങ്ങൾ അംഗീകൃത നിയമ സ്ഥാപനങ്ങളിൽ നിന്ന് മാത്രമേ അഭിഭാഷകരെ എൻറോൾ ചെയ്തിട്ടുള്ളൂവെന്ന് ഉറപ്പുവരുത്തുകയും ആന്ധ്രപ്രദേശ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ നിലവാരമില്ലാത്ത നിയമപഠന സ്ഥാപനങ്ങളിൽ നിന്നുള്ള പ്രവേശനം നിയന്ത്രിക്കുകയും വേണം” കോടതി പറഞ്ഞു.















