തിരുവനന്തപുരം: കേരളത്തിൽ കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്.
മണിക്കൂറിൽ പരാമവധി 50 മീറ്ററിലധികം വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുള്ളതായും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേൽപ്പെടുത്തി.
നീരൊഴുക്ക് കൂടിയതിനാൽ ഇടുക്കി മാട്ടുപ്പെട്ടി ഡാം ഇന്ന് തുറന്നേക്കും. ഉച്ചയ്‌ക്ക് 3 മണിക്ക് ഡാം തുറക്കാനാണ് സാധ്യത. മുതിരപുഴയാറിന്റെ തീരങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
അതേസമയം വയനാട് ജില്ലയിലെ ഒരു സ്‌കൂളിന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന പറളികുന്ന് WO LP സ്‌കൂളിനാണ് അവധി. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മരങ്ങൾ പൊട്ടി വീഴുന്നതിന് സാധ്യതയുണ്ടെന്നും ജാഗ്രത പുലർത്തണമെന്നും ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.















