ന്യൂഡൽഹി: ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വസതിക്ക് നേരെ വെടിയുതിർത്ത സംഘത്തിന് പ്രചോദനമായത് അൻമോൽ ബിഷ്‌ണോയിയുടെ വാക്കുകളാണെന്ന് പൊലീസ്. മുംബൈ പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം പറയുന്നത്. ഒമ്പത് മിനിറ്റോളം നീളുന്ന ശബ്ദ സന്ദേശം അയച്ചാണ് സൽമാൻ ഖാന്റെ വസതിക്ക് നേരെ വെടിയുതിർക്കാൻ ഇരുവരേയും അൻമോൽ പ്രചോദിപ്പിച്ചത്.
സൽമാന്റെ വീടിന് നേരെ വെടിയുതിർത്താൽ നിങ്ങൾ ചരിത്രം രചിക്കുമെന്നാണ് പ്രതികളായ വിക്കി ഗുപ്തയോടും സാഗർ പാലിനോടും അൻമോൽ ബിഷ്‌ണോയ് പറഞ്ഞിരുന്നത്. ജീവിതത്തിലെ ഏറ്റവും മികച്ച ജോലിയാണ് നിങ്ങൾ ചെയ്യാൻ പോകുന്നത്. മതത്തിന് വേണ്ടിയുള്ള ഈ ജോലി നന്നായി ചെയ്താൽ നിങ്ങൾ ചരിത്രം കുറക്കുമെന്നാണ് ഒൻപത് മിനിറ്റ് നീണ്ടുനിൽക്കുന്ന ശബ്ദസന്ദേശത്തിൽ പ്രധാനമായും പറയുന്നത്.
“മതപരമായ ജോലി” എന്നാണ് ഓഡിയോ സന്ദേശത്തിൽ അൻമോൽ വെടിവയ്പ്പിനെ വിശേഷിപ്പിക്കുന്നത്. സൽമാൻ ഖാനെ ഭയപ്പെടുത്തുന്ന രീതിയിലാകണം തോക്കിന്റെ കാഞ്ചി വലിക്കേണ്ടതെന്നും സന്ദേശത്തിൽ പറയുന്നുണ്ട്. ബിഷ്ണോയിയും ഷൂട്ടർമാരും തമ്മിലുള്ള ശബ്ദ സന്ദേശവും ഇതിൽ ഉൾപ്പെടുന്നു.
ഏപ്രിൽ 14-ന് പുലർച്ചെയാണ് ബാന്ദ്രയിലെ ഗാലക്‌സി അപ്പാർട്ട്‌മെൻ്റിലുള്ള സൽമാൻ ഖാന്റെ വസതിക്ക് നേരെ ബൈക്കിലെത്തിയ രണ്ടംഗ സംഘം വെടിയുതിർത്തത്. പ്രതികളായ വിക്കി ഗുപ്തയും സാഗർ പാലും ഒന്നിലധികം തവണ വസതിക്ക് നേരെ വെടിവെച്ചിരുന്നു. അൻമോൽ ബിഷ്ണോയിയുടെ നിർദ്ദേശ പ്രകാരമാണ് ബൈക്കിലെത്തിയ രണ്ടുപേർ ആക്രമണം നടത്തിയത്. കേസിൽ പൊലീസ് 1,735 പേജുള്ള ചാർജ് ഷീറ്റ് സമർപ്പിച്ചിട്ടുണ്ട്. ബിഷ്ണോയിയും ഷൂട്ടർമാരും തമ്മിലുള്ള ഓഡിയോ റെക്കോർഡ് അടക്കമാണിത് കൈമാറിയത്.
ലോറൻസ് ബിഷ്ണോയിയും സഹോദരൻ അൻമോൽ ബിഷ്ണോയിയും ആക്രമണത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് രംഗത്തുവന്നിരുന്നു. ഹെൽമെറ്റ് ധരിക്കരുതെന്നും പറഞ്ഞിരുന്നു. ആരേയും പേടിക്കുന്നില്ലെന്ന് കാണിക്കാൻ ഹെൽമെറ്റ് ധരിക്കരുതെന്ന് ബിഷ്‌ണോയ് പറഞ്ഞതായി ഇവർ പൊലീസിന് മൊഴി നൽകിയിരുന്നു. ചരിത്രം സൃഷ്ടിക്കാൻ പോവുകയാണെന്നാണ് ഈ സംഭവത്തെ ബിഷ്‌ണോയ് വിശേഷിപ്പിച്ചതെന്നും ഇവർ പറയുന്നു.















