ന്യൂഡൽഹി: ഖാലിസ്ഥാൻ വാദിയും പഞ്ചാബിലെ ഖാദൂർ സാഹിബിൽ നിന്നുള്ള സ്വതന്ത്ര എംപിയുമായ അമൃത്പാൽ സിംഗ് തടങ്കലിൽ തുടരുന്നതിൽ ആശങ്ക അറിയിച്ച് മുൻ പഞ്ചാബ് മുഖ്യമന്ത്രിയും കോൺഗ്രസ് എംപിയുമായ ചരൺജിത് സിംഗ് ഛന്നി. ഖാലിസ്ഥാൻ വിഘടനവാദിയും ‘വാരിസ് പഞ്ചാബ് ദേ’ സംഘടനയുടെ തലവനുമായ അമൃത് പാൽ സിംഗ് കഴിഞ്ഞ വർഷമാണ് ദേശീയ സുരക്ഷാ നിയമപ്രകാരം അറസ്റ്റിലാകുന്നത്.
തടവിൽ കഴിയുന്നതിനിടെയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി അമൃത്പാൽ മത്സരിച്ചത്. എന്നാൽ അമൃത്പാൽ ഇപ്പോഴും ജയിലിൽ തുടരുന്നത് അടിയന്തരാവസ്ഥയ്‌ക്ക് തുല്ല്യമാണെന്നായിരുന്നു ചരൺജിത് സിംഗ് ഛന്നിയുടെ വാദം. എംപിയായി തിരഞ്ഞെടുക്കപ്പെട്ട ഒരാൾക്ക് തന്റെ മണ്ഡലത്തിലെ ജനങ്ങളെ പ്രതിനിധീകരിച്ച് അഭിപ്രായങ്ങൾ അവതരിപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ അതു അടിയന്തരാവസ്ഥ തന്നെയാണെന്നും ഛന്നി ആരോപിച്ചു.
എന്നാൽ ഖാലിസ്ഥാൻ വാദിയായ അമൃത്പാലിന് വേണ്ടി ഛന്നി നടത്തിയ പരാമർശങ്ങൾ വിവാദമായതിന് പിന്നാലെ ഇത് തള്ളി കോൺഗ്രസ് രംഗത്തെത്തി. അമൃത്പാൽ സിംഗിന് വേണ്ടി ഛന്നി നടത്തിയ പരാമർശങ്ങൾ തികച്ചും വ്യക്തിപരമാണെന്നും, അത് കോൺഗ്രസിന്റെ നിലപാടല്ലെന്നും കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. കോൺഗ്രസ് നേതൃത്വം കൊടുക്കുന്ന ഇൻഡി സഖ്യത്തിന്റെ ഭാഗമായിട്ടുള്ള ആം ആദ്മിയും ഛന്നിയുടെ വാക്കുകളെ തള്ളി രംഗത്തെത്തിയിട്ടുണ്ട്. പഞ്ചാബിന്റെ ക്രമസമാധാനം മാത്രമാണ് തന്റെ ചിന്തയിൽ ഉള്ളതെന്നും, ഛന്നി പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കേണ്ട ആവശ്യം തനിക്കില്ലെന്നുമാണ് പഞ്ചാബ് മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ ഭഗവന്ത് മൻ പറഞ്ഞത്.
അതേസമയം ബിജെപിയും ഛന്നിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. കോൺഗ്രസ് ഉന്നത നേതൃത്വം ഇതിന് കൃത്യമായ വിശദീകരണം നൽകണമെന്ന് ബിജെപി നേതാവ് ഗിരിരാജ് സിംഗ് ആവശ്യപ്പെട്ടു. പ്രത്യേക സിഖ് രാഷ്‌ട്രമെന്ന ആശയവുമായി മുന്നോട്ട് പോകുന്ന ഖാലിസ്ഥാൻ വാദിയെ പിന്തുണയ്‌ക്കുന്നത് രാജ്യത്തിന് തന്നെ അപകടമാണെന്നും ഗിരിരാജ് സിംഗ് ചൂണ്ടിക്കാട്ടി. കോൺഗ്രസിന്റെ ഡിഎൻഎ ആണ് ഇപ്പോൾ തെളിഞ്ഞുവരുന്നതെന്ന് ബിജെപി നേതാവ് ആർ പി സിംഗ് പറഞ്ഞു. രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്ന ഒരാളെയാണോ കോൺഗ്രസ് പിന്തുണയ്‌ക്കുന്നത് എന്ന കാര്യം മല്ലികാർജ്ജുൻ ഖാർഗെയും കോൺഗ്രസും വ്യക്തമാക്കണമെന്നും ആർ പി സിംഗ് പറഞ്ഞു.















