ന്യൂഡൽഹി: കാർഗിൽ യുദ്ധത്തിൽ ജീവൻ ബലിയർപ്പിച്ച വീരജവാൻമാരുടെ സ്മരണയിൽ രാജ്യം. ദ്രാസിലെ യുദ്ധസ്മാരകത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ധീര ജവാന്മാർക്ക് ആദരമർപ്പിച്ചു. സൈനികരുടെ ബലികുടീരങ്ങളിൽ അദ്ദേഹം പുഷ്പചക്രം അർപ്പിച്ചു. കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി, മറ്റ് ഉന്നത ഉദ്യോഗസ്ഥരുൾപ്പെടെയുള്ളവർ പ്രധാനമന്ത്രിയെ അനുഗമിച്ചു.
കാർഗിൽ വിജയ ദിവസത്തിന്റെ അനുസ്മരണ ചടങ്ങുകൾക്ക് ഔപചാരിക തുടക്കം കുറിച്ചുകൊണ്ട് കരസേനയുടെയും വ്യോമസേനയുടെയും ഹെലികോപ്റ്ററുകൾ യുദ്ധ സ്മാരകത്തിനുമുകളിൽ പുഷ്പവൃഷ്ടി നടത്തി. ഒന്നര മണിക്കൂറോളം നീണ്ടുനിൽക്കുന്ന അനുസ്മരണ പരിപാടികളിലാണ് മോദി പങ്കെടുക്കുന്നത്. കാർഗിൽ യുദ്ധവിജയത്തിന്റെ 25-ാം വാർഷികദിനമായതിനാൽ ഇന്ന് വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
25-ാം വാർഷികദിനമായതുകൊണ്ടുതന്നെ കാർഗിൽ യുദ്ധ വിജയവുമായി ബന്ധപ്പെട്ട സ്റ്റാമ്പ് പ്രധാനമന്ത്രി ഇന്ന് പുറത്തിറക്കും. ഇതിനുശേഷമാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നത്. ലഡാക്കിലെയും കശ്മീരിലെയും പൊതുജനങ്ങൾ ഉൾപ്പെടെ പരിപാടിയിൽ പങ്കെടുക്കും .ഇതിന്റെ ഭാഗമായി സർവമത പ്രാർത്ഥനയും സംഘടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും ദ്രാസിലെ യുദ്ധസ്മാരകത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. രക്തസാക്ഷികളുടെ അനുസ്മരണം, വീരമൃത്യു വരിച്ചവരുടെ കുടുംബങ്ങളെ ആദരിക്കൽ തുടങ്ങിയ പരിപാടികൾ ഇതിന്റെ ഭാഗമായി നടന്നു.