ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിപക്ഷം ഉയർത്തുന്ന ആരോപണങ്ങൾക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. അഗ്നിപഥ് പദ്ധതി സേനയെ യുവത്വവത്കരിക്കാനാണ്. എന്നാൽ ചിലർ ഇതിനെ രാഷ്‌ട്രീയനേട്ടത്തിനായി ഉപയോഗിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. കാർഗിൽ വിജയ ദിവസത്തോടനുബന്ധിച്ച് ദ്രാസിൽ സൈനികരെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
ദേശീയ സുരക്ഷയെ രാഷ്‌ട്രീയത്തിനായി ഉപയോഗിക്കരുതെന്നും പ്രതിപക്ഷത്തെ മോദി ഓർമിപ്പിച്ചു. അഗ്നിപഥ് പദ്ധതി കേന്ദ്രസർക്കാർ കൊണ്ടുവന്നത് പെൻഷൻ കൊടുക്കാതിരിക്കാൻ വേണ്ടിയാണെന്ന് പ്രതിപക്ഷ കക്ഷികൾ ആരോപണങ്ങൾ ഉയർത്തിയതിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
മോദി സർക്കാരിന്റെ കാലത്ത് സേനയിൽ ചേരുന്നവർക്ക് പെൻഷൻ നൽകപ്പെടുന്നത് 30 വർഷങ്ങൾക്ക് ശേഷമായിരിക്കും. സ്വാഭാവികമായും ഇതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ ഭാവിയിലെ സർക്കാരുകളാണ് കൈകാര്യം ചെയ്യേണ്ടി വരിക. 30 വർഷങ്ങൾക്ക് ശേഷം നൽകുന്ന പെൻഷൻ തുകയുമായി ബന്ധപ്പെട്ട് ഇപ്പോഴത്തെ സർക്കാരിന് നേരെ വിമർശനമുയർത്തുകയാണ് പ്രതിപക്ഷം. അനാവശ്യമായ രാഷ്‌ട്രീയ തർക്കങ്ങളിൽ ഏർപ്പെടുന്നതിനുപകരം സായുധ സേനയുടെ തീരുമാനങ്ങളെ മാനിക്കാനാണ് എൻഡിഎ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
“സൈന്യത്തിനുണ്ടാകേണ്ട അടിയന്തരമായ പരിഷ്കാരങ്ങളുടെ ഉദാഹരണമാണ് അഗ്നിപഥ് പദ്ധതി. സൈനികരെന്നാൽ രാഷ്‌ട്രീയക്കാരെ സല്യൂട്ട് ചെയ്യാനും പരേഡുകൾ നടത്താനും വേണ്ടി നിർത്തിയിരിക്കുന്ന ആളുകളല്ല. സൈന്യമെന്നാൽ 140 കോടി ഭാരതീയരുടെ വിശ്വാസമാണ്. 140 കോടി ജനങ്ങൾക്ക് സമാധാനം നൽകുമെന്ന ഉറപ്പാണ്. അതിർത്തികൾ സുരക്ഷിതമാണെന്ന ഉറപ്പാണ് സൈന്യം നൽകുന്നത്. സേനയെ യുവത്വവത്കരിക്കുകയെന്നതാണ് അഗ്നിപഥിന്റെ ലക്ഷ്യം. ദൗർഭാഗ്യവശാൽ ചിലർ ദേശീയ സുരക്ഷയെ പോലും രാഷ്‌ട്രീയത്തിനുള്ള വിഷയമാക്കുകയാണ്. ഇവർ തന്നെയാണ് ആയിരക്കണക്കിന് കോടികളുടെ അഴിമതി നടത്തി സൈന്യത്തെ ദുർബലമാക്കിയത്. “- പ്രധാനമന്ത്രി പറഞ്ഞു.
പ്രതിരോധ മേഖലയിൽ പതിറ്റാണ്ടുകളായി പരിഷ്കാരങ്ങൾ നടന്നിട്ടില്ല. വർഷങ്ങളായി സൈന്യം അത് ആവശ്യപ്പെടുന്നുണ്ടെങ്കിലും നിർഭാഗ്യവശാൽ, അതിന് വേണ്ടത്ര പ്രാധാന്യം പലരും നൽകിയില്ല. കഴിഞ്ഞ 10 വർഷത്തിനിടയിൽ, സൈന്യത്തിന് ആവശ്യമായ പ്രതിരോധ പരിഷ്‌കരണങ്ങൾക്ക് കേന്ദ്രസർക്കാർ മുൻഗണന നൽകിയിട്ടുണ്ട്. ഈ പരിഷ്കാരങ്ങൾ കാരണമാണ് നമ്മുടെ സൈന്യം ഇപ്പോൾ കൂടുതൽ കഴിവുറ്റവരും സ്വയംപര്യാപ്തരുമായത്. ഒരുകാലത്ത് പ്രതിരോധ ഇറക്കുമതിക്ക് പേരുകേട്ട രാജ്യമായിരുന്ന ഇന്ത്യ ഇപ്പോൾ പ്രതിരോധ കയറ്റുമതി മേഖലയിൽ സ്വയം അടയാളപ്പെടുത്തിയിരിക്കുകയാണ്.
പ്രതിരോധ സംഭരണത്തിന്റെ വലിയൊരു പങ്ക് ഇന്ത്യയുടെ പ്രതിരോധ മേഖലയ്‌ക്ക് നൽകിയിരിക്കുന്നു. കൂടാതെ, പ്രതിരോധ മേഖലയ്‌ക്ക് ആവശ്യമായ ഗവേഷണ-വികസന ബജറ്റിന്റെ 25% സ്വകാര്യ മേഖലയ്‌ക്ക് നീക്കിവച്ചു. തൽഫലമായി, രാജ്യത്തിന്റെ പ്രതിരോധ ഉത്പാദനം 1.25 ലക്ഷം കോടി കടന്നിരിക്കുകയാണെന്നും മോദി പറഞ്ഞു.
കാർഗിൽ വിജയം ഏതെങ്കിലും ഒരു രാഷ്‌ട്രീയ പാർട്ടിയുടെ വിജയമല്ല, അത് രാഷ്‌ട്രത്തിന്റെ വിജയമാണ്. ഈ വിജയം ഇന്ത്യയുടെ പൈതൃകത്തിന്റെ അവിഭാജ്യ ഘടകമാണ്, ആത്മാഭിമാനത്തിന്റെ സാക്ഷ്യപത്രമാണെന്നും പ്രധാനമന്ത്രി അനുസ്മരിച്ചു.