ന്യൂഡൽഹി: പാക് പട്ടാളത്തെ തുരത്തിയോടിച്ച് ഭാരതത്തിന് ഐതിഹാസിക വിജയം നേടിതന്ന ധീരയോദ്ധാക്കളെ കാർഗിൽ വിജയ് ദിവസത്തിൽ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കാർഗിലിൽ വീരമൃത്യു വരിച്ചവർ അമരത്വം നേടിയവരാണ്. ഓരോ സൈനികന്റെയും ത്യാഗം അനുസ്മരിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. വീരമൃത്യുവരിച്ച സൈനികർക്ക് ദ്രാസിൽ പുഷ്പചക്രം അർപ്പിച്ച ശേഷം അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
” ലഡാക്കിലെ ഈ പുണ്യഭൂമി കാർഗിൽ വിജയ് ദിവസത്തിന്റെ മഹത്തായ 25-ാം വാർഷികത്തിന് സാക്ഷ്യം വഹിക്കുന്നു. രാജ്യത്തിന് വേണ്ടി സൈനികർ ചെയ്യുന്ന ത്യാഗങ്ങൾ അനശ്വരമാണെന്നാണ് കാർഗിൽ വിജയ് ദിവസം നമ്മെ ഓർമ്മപ്പെടുത്തുന്നത്. ഇന്ത്യക്ക് മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിച്ച പാകിസ്താന്റെ ഓരോ ഹീനപ്രവൃത്തികളും പരാജയപ്പെട്ടു. കഴിഞ്ഞു പോയ ചരിത്രങ്ങളിൽ നിന്നും പാകിസ്താൻ പാഠങ്ങൾ ഉൾകൊണ്ടില്ല. പാകിസ്താൻ ഇപ്പോഴും പ്രകോപിപ്പിക്കൽ തുടരുന്നു. ഭീകരവാദ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നവർക്ക് എന്റെ ശബ്ദം നേരിട്ട് കേൾക്കാൻ സാധിക്കുന്ന സ്ഥലത്ത് നിന്നാണ് ഞാൻ ഇത് പറയുന്നത്. ഒരിക്കൽ കൂടി ഞാൻ ആവർത്തിച്ചു പറയുന്നു, പാകിസ്താൻ ഭീകരരുടെ ലക്ഷ്യങ്ങളൊന്നും തന്ന ഇന്ത്യയിൽ നടപ്പിലാക്കാൻ അനുവദിക്കില്ല. ഞങ്ങളുടെ സൈനികർ ശത്രുക്കളെ ഇല്ലാതാക്കി തക്കതായ മറുപടി നൽകും. അവർ സ്വന്തം രാജ്യത്തേയും ജനങ്ങളെയും സംരക്ഷിക്കും.”- പ്രധാനമന്ത്രി പറഞ്ഞു.
#WATCH | Ladakh: PM Narendra Modi says, “Today, this great land of Ladakh is witnessing the 25th anniversary of Kargil Vijay Diwas. Kargil Vijay Diwas tells us that the sacrifices made for the nation are immortal…” pic.twitter.com/0PddS6diyk
— ANI (@ANI) July 26, 2024
കേവലം യുദ്ധത്തിന്റെ വിജയം മാത്രമല്ല കാർഗിൽ വിജയ് ദിവസ്. സത്യത്തിന്റെ വിജയമാണ് കാർഗിലിലേത്. പാകിസ്താന്റെ ചതിക്കെതിരെ ഇന്ത്യയുടെ ധീര യോദ്ധാക്കൾ ജീവൻ ബലിയർപ്പിച്ചും നേടിയെടുത്ത ഐതിഹാസിക വിജയം. പാകിസ്താന്റെ പ്രവർത്തനങ്ങൾ ഭീകരവാദത്തിന്റെ സഹായത്തോടെയാണ്. എന്നാൽ അതിനെതിരെ ഇന്ത്യ ശക്തമായി പോരാടുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ലഡാക്കും ജമ്മുകശ്മീരും ഇന്ന് വികസനത്തിന്റെ പാതയിലാണ്. കശ്മീർ പുതുയുഗം സ്വപ്‌നം കാണുന്നു. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം 5 വർഷം കൊണ്ട് ജമ്മുകശ്മീരിൽ നിരവധി മാറ്റങ്ങളാണുണ്ടായതെന്നും ജമ്മുകശ്മീരിലെ ഭീകരവാദ പ്രവർത്തനങ്ങൾക്ക് തടയിടാൻ സാധിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ സമാധാനത്തിലേക്കും ഐക്യത്തിലേക്കും അതിവേഗം നീങ്ങുകയാണ്. മുന്നിലുള്ള തടസങ്ങൾ നീക്കം ചെയ്ത് ഇനിയും പോരാടാൻ നമുക്ക് സാധിക്കട്ടെയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.