തൃശൂർ: വലപ്പാട് സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. വലപ്പാട് സി ഐയുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘത്തിനാണ് അന്വേഷണത്തിന്റെ ചുമതല. ബാങ്കിലെ അസിസ്റ്റന്റ് ജനറൽ മാനേജരായിരുന്ന ധന്യാമോഹൻ 19.94 കോടി രൂപ തട്ടിയെടുത്ത കേസിലാണ് അന്വേഷണം. നിലവിൽ റൂറൽ എസ്പി നവനീത് ശർമ്മയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയുടെ വീട്ടിൽ പരിശോധന നടത്തുകയാണ്.
സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരിയായ ധന്യാമോഹൻ കൊല്ലം സ്വദേശിനിയാണ്. കമ്പനിയുടെ പരാതിയിലാണ് വലപ്പാട് പൊലീസ് ഇവർക്കെതിരെ കേസെടുത്തത്. പരാതി നൽകിയതിനുപിന്നാലെ ഇവർ ഒളിവിൽ പോവുകയായിരുന്നു. പ്രതിക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്.
കമ്പനിയുടെ ഡിജിറ്റൽ പേർസണൽ ലോൺ അക്കൗണ്ടിൽ നിന്നാണ് ധന്യ പണം തട്ടിയെടുത്തത്. പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ ലഭ്യമായ വിവരമനുസരിച്ച് 2020 മെയ് മുതലാണ് ധന്യ തന്റെ പേരിലും ബന്ധുക്കളുടെപേരിലും ബാങ്കിലെ പണം മാറ്റിയത്. 5 ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം മാറ്റിയിരിക്കുന്നത്. ഇവർക്ക് വലപ്പാട് വീടുകളും വാഹനങ്ങളുമുണ്ടായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി.















