കോയമ്പത്തൂർ: അമിതമായി മദ്യപിച്ച് മോഷ്ടിക്കാൻ കയറിയ കള്ളൻ ഉറങ്ങിപോയി. ബുധനാഴ്ച രാത്രി കാട്ടൂർ രാംനഗറിലെ രാജന്റെ വീട്ടിലാണ് സംഭവം. പ്രതിയായ കരുമത്തംപട്ടി സ്വദേശി ബാലസുബ്രഹ്മണ്യനെ (48) പൊലീസ് പിടികൂടി.
ബുധനാഴ്ച പകൽ രാജൻ പുറത്തുപോയ സമയത്താണ് വീട്ടിൽ മോഷണത്തിനായി ബാലസുബ്രഹ്മണ്യം കയറിയത്. അമിതമായി മദ്യപിച്ചെത്തിയ ബാലസുബ്രഹ്മണ്യൻ മോഷണത്തിനിടയിൽ അറിയാതെ ഉറങ്ങിപോകുകയായിരുന്നു. രാത്രിയോടെ രാജൻ വീട്ടിലെത്തിയപ്പോഴാണ് വീടി കുത്തി തുറന്ന നിലയിൽ കണ്ടത്.
ഇതോടെ അയൽവാസിയെയും സഹായത്തിന് വിളിച്ച് വീട്ടിൽ പരിശോധന നടത്തിയപ്പോഴാണ് കിടപ്പുമുറിയിൽ അവശനിലയിൽ കിടക്കുന്ന മോഷ്ടാവിനെ കണ്ടത്. ഉടൻ തന്നെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സംഘം സ്ഥലത്ത് എത്തിയതിന് ശേഷം മോഷ്ടാവിനെ വിളിച്ചുണർത്തുകയായിരുന്നു. പ്രതി മോഷ്ടിക്കാനായി വീട്ടിൽ കയറിയാതാണെന്ന് മൊഴി നൽകിയതായി പൊലീസ് അറിയിച്ചു. ഇയാൾ കൂടുതൽ വീടുകളിൽ മോഷണം നടത്തിയത് സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.















