പത്തനംതിട്ട: വേങ്ങലിൽ കാറിന് തീപിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം. തുകലദേശി സ്വദേശികളായ രാജു തോമസ്, ലൈജി എന്നിവരാണ് മരിച്ചത്. ഇവർക്ക് 60 വയസിന് മുകളിൽ പ്രായം വരുമെന്നും സംഭവത്തിൽ കൂടുതൽ വ്യക്തത വരേണ്ടതുണ്ടെന്നും പൊലീസ് പറഞ്ഞു. വേങ്ങലിലെ ആളൊഴിഞ്ഞ റോഡിൽ വച്ച് ഇന്ന് ഉച്ചയ്‌ക്കായിരുന്നു അപകടം.
വാഹനത്തിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് അഗ്നിശമനസേനയെ വിവരം അറിയിച്ചത്. തുടർന്ന് അഗ്നിശമന സേനയും പൊലീസും ചേർന്ന് തീ അണച്ചതിന് ശേഷം നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.
കാറിന്റെ സാങ്കേതിക തകരാറുകളാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ആളൊഴിഞ്ഞ സ്ഥലത്തേക്ക് ദമ്പതികൾ എങ്ങനെ എത്തിപ്പെട്ടുവെന്നതിലടക്കം സംശയമുണ്ടെന്നും പൊലീസ് പറഞ്ഞു. കാർ പൂർണമായും കത്തിക്കരിഞ്ഞ നിലയിലാണ്. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.