ശ്രീനഗർ: പഞ്ചാബിലെ പഠാൻകോട്ട് ജില്ലയിൽ അജ്ഞാതരുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനെത്തുടർന്ന് ജമ്മുവിൽ സുരക്ഷ ശക്തമാക്കി സൈന്യം. പഠാൻകോട്ട് സ്വദേശിനി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രദേശത്ത് 7 പേരുടെ അജ്ഞാത സംഘം എത്തിയിരുന്നതായി സുരക്ഷാ സേന മനസിലാക്കിയിരുന്നു. ഇതിനെത്തുടർന്നാണ് പ്രദേശത്ത് ജാഗ്രത നിർദ്ദേശം നൽകിയിരിക്കുന്നത്.
സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ജമ്മുവിലെ സൈനിക സ്കൂളുകൾക്ക് ശനിയാഴ്ചവരെ അവധി നൽകി. സുരക്ഷ ഉറപ്പാക്കുന്നതിനായി നിർണായകമായ ആർമി, ഡിഫൻസ് ഇൻസ്റ്റാളേഷനുകളിൽ സുരക്ഷാ നടപടികൾ ശക്തമാക്കിയിട്ടുണ്ട്. ഭീകരരെന്ന് സംശയിക്കുന്നവരിൽ ഒരാളുടെ രേഖാചിത്രവും പഞ്ചാബ് പൊലീസ് പുറത്തുവിട്ടു.
പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ എന്തെങ്കിലും പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അറിയിക്കണമെന്നും പൊലീസ് അഭ്യർത്ഥിച്ചു. പഠാൻകോട്ടിലെ ഫാങ്ടോലി ഗ്രാമത്തിലാണ് ഏഴ് ഭീകരുടെ സാന്നിദ്ധ്യം കണ്ടെത്തിയത്. ഇവരുടേതെന്ന് സംശയിക്കുന്ന ബൂട്ടിന്റെ പാടുകളും പ്രദേശത്ത് നിന്ന് സുരക്ഷാ സേന കണ്ടെത്തിയിരുന്നു.