തൃശൂർ: ആത്മാഭിമാനത്തിന്റെ വിജയഭേരി മുഴക്കി ഐതിഹാസിക യുദ്ധവിജയത്തിന്റെ 25-ാം വാർഷികം ആഘോഷിക്കുമ്പോൾ മറക്കാനാവാത്ത ഒരു പേരാണ് തൃശൂർ ചാവക്കാട് സ്വദേശിയായ ബ്രിഗേഡിയർ എൻഎ സുബ്രഹ്മണ്യന്റേത്. കാർഗിൽ യുദ്ധവിജയത്തിന്റെ സുപ്രധാന നീക്കമായ ബാറ്റിൽ ഫോർ ഗൺ ഹില്ലിനുവേണ്ട ഫയർ പ്ലാൻ തയാറാക്കിയത് എൻഎ സുബ്രഹ്മണ്യനായിരുന്നു.
രണ്ടര മാസം നീണ്ടു നിന്ന കാർഗിൽ യുദ്ധത്തിൽ 527 സൈനികരാണ് വീരമൃത്യു വരിച്ചത്. പാകിസ്താനുമായുണ്ടായ യുദ്ധത്തിൽ സമ്പൂർണ വിജയം ഭാരതത്തിനായിരുന്നു. ഈ ഓർമ്മകളിലാണ് രാജ്യം എല്ലാ വർഷവും കാർഗിൽ വിജയ് ദിവസ് ആചരിക്കുന്നത്. കശ്മീരും ലഡാക്കും തമ്മിലുള്ള ബന്ധം വിച്ഛേദിക്കുക. ലഡാക്കിനെയും സിയാച്ചിനെയും വെട്ടിമുറിക്കുകയെന്നതായിരുന്നു കാർഗിലിലെ പാക് ലക്ഷ്യം. നുഴഞ്ഞുകയറ്റക്കാരുടെ വേഷത്തിൽ ഇന്ത്യന് സേനയുടെ പോസ്റ്റുകളിലേക്ക് എത്തിയ പാക് സൈന്യത്തിന്റെ നീക്കം ദ്രാസ് പ്രദേശത്ത് യാക്കിനെ മേയ്ക്കുന്ന ഇടയന്മാർ തിരിച്ചറിഞ്ഞതോടെയാണ് ഇന്ത്യൻ സൈന്യത്തിന് വേഗത്തിൽ ഇടപെടൽ നടത്താനായത്.
16,000 അടി ഉയരത്തിലെ മലമുകളിൽ തമ്പടിച്ച പാക് സൈന്യത്തിനെ തുരത്താനായിരുന്നു പിന്നീട് ലോകം അംഗീകരിച്ച ഇന്ത്യൻ സൈന്യത്തിന്റെ ഫയർ പ്ലാൻ. കാർഗിൽ വിജയത്തിന്റെ 25 വർഷങ്ങൾ പിന്നിടുമ്പോഴും യുദ്ധത്തിന്റെ ഓർമ്മകൾ ബ്രിഗേഡിയർ സുബ്രഹ്മണ്യൻ പങ്കുവയ്ക്കുന്നത് അന്നത്തെ അതേ ഊർജം ഉൾക്കൊണ്ടാണ്. അന്ന് 315 ഫീൽഡ് റെജിമെന്റിന്റെ കമാൻഡിങ് ഓഫീസറായിരുന്നു അദ്ദേഹം. റെജിമെന്റിലെ പീരങ്കികളിൽ നിന്ന് 30,200 തവണ ഭീകരരെ ലക്ഷ്യമിട്ട് വെടിയുതിർത്തിരുന്നു. യുദ്ധത്തിൽ ശക്തമായി തിരിച്ചടിച്ച സൈനികർക്ക് വീർചക്ര ഉൾപ്പെടെയുള്ള ആദരവുകൾ ലഭിച്ചു. ഒരു ഓഫീസറും ആറ് ജവാന്മാരുമുൾപ്പെടെ റെജിമെന്റിലെ 7 സൈനികർ വീരമൃത്യു വരിച്ചു.
യുദ്ധത്തിലെ സ്തുത്യർഹമായ സേവനത്തിന് സുബ്രഹ്മണ്യന് രാഷ്ട്രപതിയുടെ വീർ സേവാ മെഡലും, അദ്ദേഹത്തിന്റെ റജിമെന്റിന് ‘ബാറ്റിൽ ഓണർ കാർഗിൽ’ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. സൈനിക സേവനത്തിനായി കൂടുതൽ യുവാക്കൾ സ്വയം തയാറാകണമെന്ന അഭിപ്രായമാണ് ബ്രിഗേഡിയർ സുബ്രഹ്മണ്യൻ സമൂഹത്തോട് പങ്കുവയ്ക്കുന്നത്.















